Tuesday, September 28, 2010

ഡോക്ടറെയാരു ചികിത്സിക്കും?

ലോലനെ കുറിച്ച്  നാട്ടുകാര്‍ക്കെല്ലാം ഒരേ അഭിപ്രായമാണ് - "പേര് പോലെ തന്നെ കോലവും." സ്നേഹക്കൂടുതല്‍ കൊണ്ടും ശരീരപ്രകൃതി കൊണ്ടും അവനെ എലുമ്പന്‍, തോട്ടി, നൂലന്‍, ടവര്‍ ലോലന്‍ തുടങ്ങിയ പല ഓമനപേരുകളിലും നാട്ടുകാര്‍ വിളിച്ചു. ഓരോ തവണയും ഈ വിളികള്‍ കേള്‍ക്കുമ്പോള്‍ അവന്‍ തന്‍റെ  അച്ഛനമ്മമാരെ ശപിച്ചുകൊണ്ടിരുന്നു. ലോലന്‍ എന്ന പേരിട്ടത് കൊണ്ടാണ് താന്‍ ഇത്രേം മെലിഞ്ഞുപോയത് എന്നാണ് അവന്‍റെ പക്ഷം.  "പേര് പോലെ തന്നെ കോലവും" എന്ന വിശേഷണം കൂടി കേള്‍ക്കുന്നതോടെ അവന്‍റെ കോമ്പ്ലെക്സ് ബുര്‍ജ് ദുബായ് കണക്കെ ഉയരും.

സത്യത്തില്‍ ലോലന്‍ അത്ര മെലിഞ്ഞിട്ടോന്നുമല്ല. അവനേക്കാളും മെലിഞ്ഞ, ഞാനടക്കമുള്ള ഒരുപാടാളുകള്‍ നാട്ടിലുണ്ട്. ലോലന്‍റെ പ്രധാന പ്രശ്നം തടിയില്ലായ്മയല്ല. കോമ്പ്ലക്സ്... മുടിഞ്ഞ കോമ്പ്ലക്സ്. ദൈവം തമ്പുരാന്‍ ബുദ്ധി, സൌന്ദര്യം, വിവേകം, ധൈര്യം ഇത്യാദി ചേരുവകളുടെ കൂടെ ഇത്തിരി കോമ്പ്ലക്സ് കൂടി ചേര്‍ത്താണ് എല്ലാരേം പടച്ചതെങ്കില്‍, ലോലന്‍റെ കാര്യത്തില്‍ ചെറിയൊരു പിഴവ് പറ്റിയെന്നാണ് അവന്‍റെ ആത്മ സുഹൃത്തായ കട്ട നാസര്‍ പറയുന്നത്. ലോലനെ കോമ്പ്ലക്സ് മാത്രം ഉപയോഗിച്ചാണത്രേ പടച്ചത്.

തടി കൂട്ടാന്‍ ലോലന്‍ തേടാത്ത വഴികളില്ല, കുടിക്കാത്ത മരുന്നുകളില്ല, സമീപിക്കാത്ത വൈദ്യന്മാരില്ല. കാശു വളരെയതികം ചിലവഴിച്ചു... മരുന്ന് കമ്പനിക്കാര്‍ തടിച്ചു കൊഴുത്തതല്ലാതെ ലോലന്‍റെ ശരീരത്തില്‍ അരക്കഴഞ്ച് പോലും ഇറച്ചി വെച്ചില്ല..

ആയിടക്കാണ്‌ വയനാട്ടില്‍ നിന്നുള്ള ഒരു ആദിവാസി സംഘം നാട്ടിലെത്തിയത്. കഷണ്ടി, അസൂയ തുടങ്ങി പല രോഗങ്ങള്‍ക്കും മരുന്നുമായി നാട്ടില്‍ കറങ്ങിയ അവരുടെയടുത്ത് വണ്ണം വെക്കാനുള്ള മരുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ട് ലോലന്‍ അവരെ സമീപിച്ചു. ഒരു മാസത്തെ മരുന്ന് സേവിച്ചാല്‍ ഫലം ഗ്യാരണ്ടിയാണത്രെ!!!...

ദോഷം പറയരുതല്ലോ... ഒരാഴ്ച കൊണ്ട് തന്നെ മരുന്നിന്‍റെ ഫലം കണ്ടു തുടങ്ങി... ഒരു മാസം കൊണ്ട് അത്യാവശ്യം വണ്ണമൊക്കെ വെച്ചു... ലോലന് സന്തോഷമായി.. നാട്ടുകാര്‍ക്കും.... തടിയില്ലാത്തത് കാരണം മുടങ്ങിക്കൊണ്ടിരുന്ന കല്യാണവും ശരിയായി...

പക്ഷെ ഒരു മാസം കഴിഞ്ഞു, മരുന്ന് തീര്‍ന്നതോടെ കഥയാകെ മാറി. കാറ്റൊഴിച്ചു വിട്ട ബലൂണ്‍ കണക്കെ ലോലന്‍ മെലിഞ്ഞു പഴയതു പോലെയായി...

ആകെ തളര്‍ന്ന ലോലന്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാതായി. ഒരുദിവസം ലോലന്‍റെ വീട്ടിലെത്തിയ സുഹൃത്ത് കട്ട നാസര്‍ ലോലനോട് പറഞ്ഞു. "നീ ഒരു കാര്യം ചെയ്. നമ്മുടെ നാരായണന്‍ ഡോക്ടറെ ഒന്നു കാണ്. ഭയങ്കര കൈപുണ്യമാണെന്നാ കേട്ടത്."

ഏതായാലും ഇതും കൂടി ഒന്നു പരീക്ഷിക്കുക തന്നെ. വൈകുന്നേരം അങ്ങാടിയിലുള്ള ഡോക്ടറുടെ ഒറ്റമുറി ക്ലിനിക്കില്‍ ചെന്നു. തിരക്ക് തീരുന്നതുവരെ കാത്തിരുന്നു. വളരെ വിശദമായി സംസാരിക്കണമെങ്കില്‍ അതാണ്‌ നല്ലതെന്ന് ലോലന് തോന്നി. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഉള്ളില്‍ കടന്നു. കാര്യം പറഞ്ഞു...

നാരായണന്‍ ഡോക്ടര്‍ മറുപടിയൊന്നും പറഞ്ഞില്ല. കലാം സ്റ്റൈലിലുള്ള തന്‍റെ മുടിയില്‍ പതിയെ തടവിക്കൊണ്ട് ലോലനെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു. ലോലന്‍ ആകാംഷയോടെ ഡോക്ടറെത്തന്നെ നോക്കി. ദൈവമേ ഇയാളൊന്നും പറയുന്നില്ലല്ലോ. ഒരു പക്ഷെ ചികിത്സയെ പറ്റി ആലോചിക്കുകയാവും.. ലോലന്‍ സമാധാനിച്ചു.

പെടുന്നനെ ലോലനെ അമ്പരപ്പിച്ചു കൊണ്ട് ഡോക്ടര്‍ തന്‍റെ കുപ്പായത്തിന്‍റെ കുടുക്കുകള്‍ പതിയെ അഴിക്കുവാന്‍ തുടങ്ങി. ആ നഗ്നമായ മെലിഞ്ഞ ശരീരം കണ്ടു ലോലന്‍ അന്തം വിട്ടു. വാരിയെല്ലുകള്‍ തെളിഞ്ഞു കാണുന്ന ഡോക്ടറുടെ നെഞ്ചിന്‍കൂട് ഒരു എക്സ്റെ കണക്കെ തോന്നി അവന്. വാ പൊളിച്ചു നില്‍ക്കുന്ന ലോലനെ നോക്കി തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഡോക്ടര്‍ പറഞ്ഞു. "എടോ... താനെന്‍റെ ശരീരത്തിലേക്കൊന്നു നോക്ക്. തടി വെക്കാനുള്ള വല്ല മരുന്നുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ എല്ലും തോലുമായി നടക്കുമായിരുന്നോ." ഠിം... തലയിലൊരു ഉഗ്രന്‍ അടി കിട്ടിയതുപോലെയായി ലോലന്‍.

ഒന്നും മിണ്ടാതെ ലോലന്‍ ഇറങ്ങി നടന്നു. വഴിയില്‍ കാത്തു നിന്ന തന്‍റെ സുഹൃത്തിനെപ്പോലും ശ്രദ്ധിക്കാതെ അവന്‍ നടന്നു... പിന്നീടൊരിക്കലും തന്‍റെ തടിയെപ്പറ്റി ലോലന്‍ വിഷമിച്ചില്ല.

4 comments:

  1. Am sorry but..ഇത്തരം കഥകൾ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് വലുതാക്കി എഴുതിയാൽ നന്നായിരുന്നു..വിശാലന്റെ ശൈലികൾ ഒക്കെ കണ്ടിട്ടില്ലേ..

    ലോ: എനിക്കു വണ്ണം വയ്ക്കണം
    ഡോ: ദാ നോക്ക്, ഞാൻ പോലും മെലിഞ്ഞിട്ടാണ്..
    ഇത്രേം മാത്രമേയുള്ളൂ ഇതിൽ..തമാശയ്ക്ക് സാധ്യത കുറവാണ്..
    നോ ഒഫെൻസ് മെന്റ് കേട്ടോ നാടോടി..

    ReplyDelete
  2. I liked the style of narration. Well written stuff

    ReplyDelete
  3. നന്നായി എഴുതി

    ReplyDelete
  4. എനിക്കും തോന്നി ഇത്തിരി മെലിഞ്ഞു പോയെന്നു.
    എങ്കിലും നന്നായി കേട്ടോ.

    ReplyDelete

 

blogger templates | Make Money Online