Showing posts with label story. Show all posts
Showing posts with label story. Show all posts

Thursday, October 28, 2010

ആ ഒരു വോട്ട് ആരുടേത്?

തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ - 2

നാട്ടിലെ പൌര പ്രമുഖനായിരുന്നു ജബ്ബാര്‍ഹാജി. പേരെടുത്ത തറവാട്, ഇഷ്ടം പോലെ കാശ്... ആരെയും കൂസാത്ത പ്രകൃതം, ആറടി രണ്ടിഞ്ചു  ഉയരവും നൂറ്റിനാല്പതു കിലോ തൂക്കവുമുള്ള ഒരു ആജാനബാഹു. അയാളൊന്നു നോക്കിയാല്‍ തന്നെ ഞങ്ങള്‍ കുട്ടികളൊക്കെ പേടിച്ചു മൂത്രമൊഴിക്കുമാ യിരുന്നു. എപ്പോഴും നാലോ അഞ്ചോ ശിങ്കിടികളുമായി മാത്രം നടക്കുമായി രുന്നുള്ള ഹാജിയാരെ നാടുകാര്‍ക്കെല്ലാം ഒരു പേടി കലര്‍ന്ന ബഹുമാന മായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഹാജിയാരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നു കാര്യസ്ഥന്മാര്‍ക്കൊരു പൂതി. ഹാജിയാര്‍ പഞ്ചായത്തിലെത്തിയാല്‍ തങ്ങള്‍ക്കും കുറെ ലാഭമുണ്ടാകുമെന്നവര്‍ കണക്കുകൂട്ടി. ജോതിഷത്തില്‍ വല്യ വിശ്വാസമില്ലത്തതിനാല്‍, ശനിയുടെ വിഘ്നവും വ്യാഴത്തിന്‍റെ ശല്യവുമൊന്നും കാര്യമാക്കാതെ ഹാജിയാരും ഗോദയിലെക്കിറങ്ങി.

മുന്നണികളൊന്നും വാഗ്ദാനവുമായി സമീപിക്കാത്തതിനാല്‍ ഹാജിയാര്‍ സ്വതന്ത്രനായിത്തന്നെ മത്സരിക്കാന്‍ തീരുമാനിച്ചു. "നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്‍ഥി ജബ്ബാര്‍ ഹാജിക്ക് "ചെണ്ട" അടയാളത്തില്‍ വോട്ടുകള്‍ ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....." പ്രചരണം ജോറായി നടന്നു.
വര്‍ഷങ്ങളായി ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന വാര്‍ഡില്‍ പുഷ്പംപോലെ ജയിക്കുമെന്നായിരുന്നു ശിങ്കിടികള്‍ പ്രചരിപ്പിച്ചിരുന്നത്. ഹാജിയാരും അത് വിശ്വസിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞതോടെ ഹാജിയാര്‍ക്ക് സംഗതി കത്തിത്തുടങ്ങി. തമ്പ്രാ എന്ന് വിളിച്ചു തന്‍റെ മുന്നില്‍ ഒച്ചാനിച്ചു നിന്നിരുന്നവനൊക്കെ തന്‍റെ കണ്മുന്‍പില്‍ എതിര്‍സ്ഥാനാര്‍ഥിയുടെ പോസ്റ്ററൊട്ടിക്കുന്നത് കണ്ടപ്പോള്‍ ഹാജിയാര്‍ക്ക് നിയന്ത്രിക്കാനായില്ല. എന്തിനധികം, സജീവ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്ന മകന്‍ പോലും ഹാജിയാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല.

കാശ് ചെലവാക്കിയാണെങ്കിലും ജയിക്കണമെന്ന വാശിയായി ഹാജിയാര്‍ക്ക്. സ്വത്തിന്‍റെ കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തി മകനെ ഒപ്പം കൂട്ടി. വോട്ടു ചോദിക്കാന്‍ വീടുകള്‍ കയറിയിറങ്ങുമ്പോള്‍ ഓരോരുത്തര്‍ക്കും കൈമടക്കു കൊടുത്തു വോട്ടുകള്‍ ഉറപ്പാക്കി.

ഹാജിയാരുടെ ക്വാറിയില്‍ പണിയെടുക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള അന്‍പ തോളം വോട്ടര്‍മാരുണ്ടായിരുന്നു ആ വാര്‍ഡില്‍. ഹാജിയാരുടെ വക ലോഡ്ജില്‍ താമസിക്കുന്ന അവരെ രംഗത്തിറക്കാന്‍ തന്നെ ഹാജിയാര്‍ തീരുമാനിച്ചു. ഏതൊക്കെ വോട്ടുകള്‍ മറിഞ്ഞാലും അവര്‍ ഒരിക്കലും ഹാജിയാരെ കൈവിടുമായിരുന്നില്ല. പോസ്റ്റ്ഓഫീസില്‍ അമ്പതു രൂപ കൊടുത്തു അക്കൗണ്ട്‌ തുടങ്ങി ഹാജിയാര്‍ തന്നെ അവര്‍ക്കൊക്കെ തിരിച്ചറിയല്‍ രേഖ ഉണ്ടാക്കി. എതിര്‍ സ്ഥാനാര്‍ഥികള്‍ സ്വാധീനിക്കാതിരിക്കാന്‍ ദിവസങ്ങളോളം അവരെ പുറംലോകം കാണിച്ചില്ല. ആവശ്യമുള്ള ഭക്ഷണവും മറ്റും അവിടെത്തിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്തു.

തിരഞ്ഞെടുപ്പ് ദിവസം വന്നെത്തി. തലേന്നത്തെ 'വോട്ടുരാവില്‍' ലക്ഷങ്ങളാണ് ഹാജിയാര്‍ ഒഴുക്കിയത്. ബൂത്ത്‌ ഏജന്റ് ആയി മകനെത്തന്നെ നിയമിച്ചു. എല്ലാം ഭദ്രമെന്നുറപ്പ് വരുത്തി രാവിലെ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയ ഹാജിയാര്‍ ആകെ തളര്‍ന്നു. തന്‍റെ വോട്ടു ആരോ ചെയ്തിരിക്കുന്നു. അപമാനവും ദേഷ്യവും കാരണം ഹാജിയാര്‍ക്ക് ഹാലിളകി. പോളിംഗ് സ്റ്റേഷന്‍റെ വാതില്‍ നിറഞ്ഞു നിന്ന ഹാജിയാരെ അനുനയിപ്പിച്ചു പുറത്താക്കാന്‍ ഉദ്ധ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴാണ്‌ ഒന്നുമറിയാതെ പോലെ മൂലക്കിരിക്കുന്ന ബൂത്ത്‌ ഏജന്റായ മകനെ ഹാജിയാര്‍ കണ്ടത്. "ഫ്ഭ നായെ... തന്തക്കിട്ടാണോ അന്റെ പണി," എന്നും പറഞ്ഞു അവന്‍റെ മുഖത്തിനിട്ടൊന്നു പൊട്ടിച്ചു, കൂടെ "പൊരേലോട്ടു ബാ.കാണിച്ചു തരാം ഞാന്‍" എന്നൊരു ഭീഷണിയും.

എന്തായാലും പോയത് പോയി. ടെണ്ടര്‍ വോട്ട് ചെയ്തു ഹാജിയാര്‍ പുറത്തിറങ്ങി. തന്‍റെ ഒരു വോട്ടു പോയാലും സാരമില്ല. അണ്ണന്മാരുടെ അമ്പതു കിട്ടിയാല്‍ തന്നെ രക്ഷപ്പെടും. അവരെ നാല്മണി സമയത്ത് ഇറക്കിയാല്‍ മതിയെന്ന് ശിങ്കിടികളെ ശട്ടംകെട്ടി ഹാജിയാര്‍ വീട്ടിലേക്ക് പോയി.

നാല് മണിക്ക് അണ്ണന്മാരുടെ 'ഉറച്ച' വോട്ടുകളെ ബൂത്തിലെത്തിക്കാന്‍ ലോഡ്ജിലെത്തിയ ഹാജിയാരുടെ ആളുകള്‍ കണ്ടത് ഉറക്കാത്ത ചുവടുകളും പിഴക്കുന്ന നാക്കുമായി വാളുവെക്കുന്ന  അണ്ണന്മാരെയാണ്. വോട്ടു ചെയ്യാന്‍ പോയിട്ട് നേരെ നില്‍ക്കാന്‍ പോലും ശേഷിയില്ലായിരുന്നു അവറ്റകള്‍ക്ക്.

എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്ത ഹാജിയാര്‍ പക്ഷെ ഇങ്ങിനൊരു ചതി പ്രതീക്ഷിച്ചിരുന്നില്ല. അണ്ണന്മാരുടെ വീക്നെസ് ശെരിക്കും അറിയാമായിരുന്ന എതിര്‍സ്ഥാനാര്‍ഥികളുടെ ആള്‍ക്കാര്‍ രഹസ്യമായി അണ്ണന്മാരെ സല്‍ക്കരിച്ചു. മുല്ലപ്പെരിയാറിന്‍റെ പേരില്‍ മലയാളികളോടുള്ള വൈരമെല്ലാം മറന്ന തമിഴ്മക്കള്‍ മലയാളിയുടെ സ്നേഹം നിറഞ്ഞ സല്‍ക്കാരം  സ്വീകരിച്ചു!!!

അങ്ങിനെ ഇരുന്നൂറിലധികം വോട്ടുകള്‍ക്ക് ഹാജിയാര്‍ പൊട്ടി. പിന്നീടൊരിക്കലും ഹാജിയാര്‍ ഇലക്ഷനില്‍ മത്സരിച്ചിട്ടില്ല. എന്നാല്‍ ആ മഹാദുരന്തത്തിന്‍റെ പ്രേതം ഇന്നും ഹാജിയാരെ വിട്ടൊഴിയുന്നില്ല... അതുവരെ നാട്ടുകാര്‍ക്കെല്ലാം അയാള്‍ ജബ്ബാര്‍ ഹാജിയായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം 'ചെണ്ട ജബ്ബാര്‍ ഹാജി'യായി.

ആന്‍റി ക്ലൈമാക്സ്‌
ഇത്രയും ആണ് കഥ. പക്ഷെ ഇതിനോടനുബന്ധിച്ചു പല അനുബന്ധകഥകളും ഹാജിയാരുടെ പേരില്‍ നാട്ടില്‍ അടിച്ചിറക്കി. 'ജബ്ബാര്‍ഹാജി ഇലക്ഷനില്‍ തോറ്റപോലെ' എന്നൊരു പ്രയോഗം പോലും നാട്ടിലുണ്ടായി. അതിലൊരു കഥ ഇങ്ങിനെ.

ഇലക്ഷനില്‍ അന്തസായി തോറ്റ ഹാജിയാര്‍ക്ക് കിട്ടിയത് ഒരേ ഒരു വോട്ട്. ഹാജിയാരുടെ വോട്ട് മറ്റാരോ ചെയ്തത് കാരണം ആ ഒരു വോട്ട് ആരുടെതെന്നായിരുന്നു വലിയ ചര്‍ച്ചാവിഷയം. പക്ഷെ അത് തന്‍റെ ഭാര്യയുടെതാണെന്ന കാര്യത്തില്‍ ഹാജിയാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു. തന്‍റെ ഭാര്യയെങ്കിലും തന്നെ കൈവെടിയാതിരുന്നല്ലോയെന്ന ആശ്വാസമായി രുന്നു അദേഹത്തിന്.

വോട്ടെണ്ണല്‍  കഴിഞ്ഞ രാത്രി ഉറക്കം കിട്ടാതെ കിടക്കപായയില്‍ ഞെരിപിരി കൊണ്ട കെട്ടിയോള്‍ കുഞ്ഞീബിയെ ഹാജിയാര്‍ ആശ്വസിപ്പിച്ചു. അതൊന്നും പക്ഷെ കുഞ്ഞീബിയുടെ കാറും കോളും നിറഞ്ഞ മനസ്സിനെ ശാന്തമാക്കിയില്ല. തന്‍റെ മനസ്സിനെ നിയന്ത്രിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും അവസാനം കുഞ്ഞീബിക്ക് നിയന്ത്രണംവിട്ടു. "സത്യം പറ മനുഷ്യാ... ഏതാ ങ്ങക്ക്  കിട്ടിയാ ആ ഒറ്റവോട്ട്??  ങ്ങള്‍ടെ മറ്റോളതല്ലേ അത്?"

Tuesday, September 28, 2010

ഡോക്ടറെയാരു ചികിത്സിക്കും?

ലോലനെ കുറിച്ച്  നാട്ടുകാര്‍ക്കെല്ലാം ഒരേ അഭിപ്രായമാണ് - "പേര് പോലെ തന്നെ കോലവും." സ്നേഹക്കൂടുതല്‍ കൊണ്ടും ശരീരപ്രകൃതി കൊണ്ടും അവനെ എലുമ്പന്‍, തോട്ടി, നൂലന്‍, ടവര്‍ ലോലന്‍ തുടങ്ങിയ പല ഓമനപേരുകളിലും നാട്ടുകാര്‍ വിളിച്ചു. ഓരോ തവണയും ഈ വിളികള്‍ കേള്‍ക്കുമ്പോള്‍ അവന്‍ തന്‍റെ  അച്ഛനമ്മമാരെ ശപിച്ചുകൊണ്ടിരുന്നു. ലോലന്‍ എന്ന പേരിട്ടത് കൊണ്ടാണ് താന്‍ ഇത്രേം മെലിഞ്ഞുപോയത് എന്നാണ് അവന്‍റെ പക്ഷം.  "പേര് പോലെ തന്നെ കോലവും" എന്ന വിശേഷണം കൂടി കേള്‍ക്കുന്നതോടെ അവന്‍റെ കോമ്പ്ലെക്സ് ബുര്‍ജ് ദുബായ് കണക്കെ ഉയരും.

സത്യത്തില്‍ ലോലന്‍ അത്ര മെലിഞ്ഞിട്ടോന്നുമല്ല. അവനേക്കാളും മെലിഞ്ഞ, ഞാനടക്കമുള്ള ഒരുപാടാളുകള്‍ നാട്ടിലുണ്ട്. ലോലന്‍റെ പ്രധാന പ്രശ്നം തടിയില്ലായ്മയല്ല. കോമ്പ്ലക്സ്... മുടിഞ്ഞ കോമ്പ്ലക്സ്. ദൈവം തമ്പുരാന്‍ ബുദ്ധി, സൌന്ദര്യം, വിവേകം, ധൈര്യം ഇത്യാദി ചേരുവകളുടെ കൂടെ ഇത്തിരി കോമ്പ്ലക്സ് കൂടി ചേര്‍ത്താണ് എല്ലാരേം പടച്ചതെങ്കില്‍, ലോലന്‍റെ കാര്യത്തില്‍ ചെറിയൊരു പിഴവ് പറ്റിയെന്നാണ് അവന്‍റെ ആത്മ സുഹൃത്തായ കട്ട നാസര്‍ പറയുന്നത്. ലോലനെ കോമ്പ്ലക്സ് മാത്രം ഉപയോഗിച്ചാണത്രേ പടച്ചത്.

തടി കൂട്ടാന്‍ ലോലന്‍ തേടാത്ത വഴികളില്ല, കുടിക്കാത്ത മരുന്നുകളില്ല, സമീപിക്കാത്ത വൈദ്യന്മാരില്ല. കാശു വളരെയതികം ചിലവഴിച്ചു... മരുന്ന് കമ്പനിക്കാര്‍ തടിച്ചു കൊഴുത്തതല്ലാതെ ലോലന്‍റെ ശരീരത്തില്‍ അരക്കഴഞ്ച് പോലും ഇറച്ചി വെച്ചില്ല..

ആയിടക്കാണ്‌ വയനാട്ടില്‍ നിന്നുള്ള ഒരു ആദിവാസി സംഘം നാട്ടിലെത്തിയത്. കഷണ്ടി, അസൂയ തുടങ്ങി പല രോഗങ്ങള്‍ക്കും മരുന്നുമായി നാട്ടില്‍ കറങ്ങിയ അവരുടെയടുത്ത് വണ്ണം വെക്കാനുള്ള മരുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ട് ലോലന്‍ അവരെ സമീപിച്ചു. ഒരു മാസത്തെ മരുന്ന് സേവിച്ചാല്‍ ഫലം ഗ്യാരണ്ടിയാണത്രെ!!!...

ദോഷം പറയരുതല്ലോ... ഒരാഴ്ച കൊണ്ട് തന്നെ മരുന്നിന്‍റെ ഫലം കണ്ടു തുടങ്ങി... ഒരു മാസം കൊണ്ട് അത്യാവശ്യം വണ്ണമൊക്കെ വെച്ചു... ലോലന് സന്തോഷമായി.. നാട്ടുകാര്‍ക്കും.... തടിയില്ലാത്തത് കാരണം മുടങ്ങിക്കൊണ്ടിരുന്ന കല്യാണവും ശരിയായി...

പക്ഷെ ഒരു മാസം കഴിഞ്ഞു, മരുന്ന് തീര്‍ന്നതോടെ കഥയാകെ മാറി. കാറ്റൊഴിച്ചു വിട്ട ബലൂണ്‍ കണക്കെ ലോലന്‍ മെലിഞ്ഞു പഴയതു പോലെയായി...

ആകെ തളര്‍ന്ന ലോലന്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാതായി. ഒരുദിവസം ലോലന്‍റെ വീട്ടിലെത്തിയ സുഹൃത്ത് കട്ട നാസര്‍ ലോലനോട് പറഞ്ഞു. "നീ ഒരു കാര്യം ചെയ്. നമ്മുടെ നാരായണന്‍ ഡോക്ടറെ ഒന്നു കാണ്. ഭയങ്കര കൈപുണ്യമാണെന്നാ കേട്ടത്."

ഏതായാലും ഇതും കൂടി ഒന്നു പരീക്ഷിക്കുക തന്നെ. വൈകുന്നേരം അങ്ങാടിയിലുള്ള ഡോക്ടറുടെ ഒറ്റമുറി ക്ലിനിക്കില്‍ ചെന്നു. തിരക്ക് തീരുന്നതുവരെ കാത്തിരുന്നു. വളരെ വിശദമായി സംസാരിക്കണമെങ്കില്‍ അതാണ്‌ നല്ലതെന്ന് ലോലന് തോന്നി. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഉള്ളില്‍ കടന്നു. കാര്യം പറഞ്ഞു...

നാരായണന്‍ ഡോക്ടര്‍ മറുപടിയൊന്നും പറഞ്ഞില്ല. കലാം സ്റ്റൈലിലുള്ള തന്‍റെ മുടിയില്‍ പതിയെ തടവിക്കൊണ്ട് ലോലനെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു. ലോലന്‍ ആകാംഷയോടെ ഡോക്ടറെത്തന്നെ നോക്കി. ദൈവമേ ഇയാളൊന്നും പറയുന്നില്ലല്ലോ. ഒരു പക്ഷെ ചികിത്സയെ പറ്റി ആലോചിക്കുകയാവും.. ലോലന്‍ സമാധാനിച്ചു.

പെടുന്നനെ ലോലനെ അമ്പരപ്പിച്ചു കൊണ്ട് ഡോക്ടര്‍ തന്‍റെ കുപ്പായത്തിന്‍റെ കുടുക്കുകള്‍ പതിയെ അഴിക്കുവാന്‍ തുടങ്ങി. ആ നഗ്നമായ മെലിഞ്ഞ ശരീരം കണ്ടു ലോലന്‍ അന്തം വിട്ടു. വാരിയെല്ലുകള്‍ തെളിഞ്ഞു കാണുന്ന ഡോക്ടറുടെ നെഞ്ചിന്‍കൂട് ഒരു എക്സ്റെ കണക്കെ തോന്നി അവന്. വാ പൊളിച്ചു നില്‍ക്കുന്ന ലോലനെ നോക്കി തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഡോക്ടര്‍ പറഞ്ഞു. "എടോ... താനെന്‍റെ ശരീരത്തിലേക്കൊന്നു നോക്ക്. തടി വെക്കാനുള്ള വല്ല മരുന്നുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ എല്ലും തോലുമായി നടക്കുമായിരുന്നോ." ഠിം... തലയിലൊരു ഉഗ്രന്‍ അടി കിട്ടിയതുപോലെയായി ലോലന്‍.

ഒന്നും മിണ്ടാതെ ലോലന്‍ ഇറങ്ങി നടന്നു. വഴിയില്‍ കാത്തു നിന്ന തന്‍റെ സുഹൃത്തിനെപ്പോലും ശ്രദ്ധിക്കാതെ അവന്‍ നടന്നു... പിന്നീടൊരിക്കലും തന്‍റെ തടിയെപ്പറ്റി ലോലന്‍ വിഷമിച്ചില്ല.

Wednesday, September 22, 2010

മൂന്നാമത്തെ വരം

ബ്ലോഗില്‍ ആയിരം പോസ്റ്റ്‌ തികച്ചതിന്‍റെ ആഘോഷം കഴിഞ്ഞുവന്ന ശേഷം കിട്ടിയ കമന്റുകളെല്ലാം വാരിക്കെട്ടി ചാക്കിലാക്കുകയായിരുന്നു ചാര്‍ലി. പിന്നെ നേരെ ഗൂഗിളില്‍ കയറി. ആയിരത്തി ഒന്നാമത്തെ പോസ്റ്റ്‌ ഗുമ്മുള്ളതക്കാന്‍ ഒരു വിഷയവും തേടി അലഞ്ഞു. സൈറ്റുകളില്‍ നിന്നും സൈറ്റുകളിലേക്കുള്ള പ്രയാണത്തിനോടുവില്‍ വഴി തെറ്റി എത്തിപെട്ടത് അപരിചിതമായ മറ്റൊരു ബ്ലോഗ്‌ ലോകത്തില്‍. ദിക്കറിയാതെ ഉഴലുന്ന ചാര്‍ളിയുടെ മുമ്പില്‍ പെട്ടന്ന് ബ്ലോഗ്‌ ദേവന്‍ പ്രത്യക്ഷപ്പെട്ടു.

വത്സാ ...നിന്നില്‍ നാം പ്രസാദീച്ചിരിക്കുന്നു.... ആയിരം പോസ്റ്റ്‌ തികച്ചതിനു നാം നിനക്കൊരു വരം നല്‍കാം. നിന്‍റെ മൂന്നാഗ്രഹങ്ങള്‍ നാം സാധിച്ചു തരാം.

ചാര്‍ളിക്ക് സന്തോഷമായി.. ബ്ലോഗ്‌ ലോകത്ത് തനിക്കു വെല്ലുവിളിയായി വളര്‍ന്നു വരുന്ന അവനെ ഒതുക്കാന്‍ ഇതു തന്നെ വഴി. മൂന്നു വരങ്ങളും തന്‍റെ ബ്ലോഗ്‌ ശക്തിപെടുത്താനും അവന്‍റെ ബ്ലോഗിനെ തകര്‍ക്കാനും ഉപയോഗപ്പെടുത്താം. ചാര്‍ലി മനസ്സില്‍ കരുതി.

പക്ഷെ ഒരു വ്യവസ്ഥ യുണ്ട്. ബ്ലോഗ്‌ ദേവന്‍ പറഞ്ഞു. നീ എന്ത് ചോദിച്ചാലും അതിന്‍റെ പത്തിരട്ടി നിന്‍റെ എതിരാളിക്കും കിട്ടും.

അയ്യോ അത് പാരയാവുമല്ലോ... ചാര്‍ലി ആലോചിച്ചു. പണിയുണ്ട്... ലോകത്ത് ഏറ്റവും വലിയ ബുദ്ധിമാന്‍ താനാണെന്ന് അഹങ്കരിക്കുന്ന ചാര്‍ലി പിന്മാറിയില്ല..

സമ്മതിച്ചിരിക്കുന്നു ദേവോ... എന്‍റെ ബ്ലോഗിന് ദിവസവും പതിനായിരം ഹിറ്റുകള്‍ കിട്ടണം. ചാര്‍ലി തന്‍റെ ഒന്നാമത്തെ ആഗ്രഹം ദേവനെ അറിയിച്ചു. തന്‍റെ എതിരാളിക്ക് ഇതിന്‍റെ പത്തിരട്ടി ലഭിക്കും എന്ന് ദേവന്‍ മുന്നറിയിപ്പ് കൊടുത്തെങ്കിലും ചാര്‍ലി കുലുങ്ങിയില്ല.

തഥാസ്ഥൂ... ഇനി മുതല്‍ നിന്‍റെ ബ്ലോഗിനായിരിക്കും ബൂലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍.

രണ്ടാമതായി ചാര്‍ലിയുടെ ആഗ്രഹം തനിക്കു ദിവസവും പത്തു പോസ്റ്റുകളിടാന്‍ കഴിയണമെന്നായിരുന്നു.
തന്‍റെ എതിരാളിക്ക് ദിവസവും നൂറു പോസ്റ്റിടാനുള്ള കഴിവ് ലഭിക്കുമെന്നരിഞ്ഞിട്ടും ഇങ്ങനെയൊരു വരം ചോദിക്കുന്നതില്‍ ബ്ലോഗ്‌ ദേവന് അത്ഭുതം തോന്നി. പക്ഷെ ചാര്‍ലിക്ക് സംശയമോന്നുമില്ലയിരുന്നു. ബ്ലോഗേര്‍സിനെ ഒതുക്കാനുള്ള വിദ്യകള്‍ ഒരുപാട് കയ്യിലുള്ള തന്നെക്കുറിച് ബ്ലോഗ്‌ ദേവന് ഒരു ചുക്കുമറിയില്ലെന്നു അവനു തോന്നി.

തഥാസ്ഥൂ... ഇനി മുതല്‍ നിനക്ക് ദിവസവും പത്തു പോസ്റ്റുകള്‍ ഇടാനുള്ള കഴിവ് ലഭിക്കും. ദേവന്‍ രണ്ടാമത്തെ വരവും നല്‍കി.

തന്‍റെ എതിരാളിയുടെ ബ്ലോഗ്‌ കുളം തോണ്ടി, അവനെ ബൂലോകത്തുനിന്നും തുരത്താനുള്ള കുടിലത നിറഞ്ഞ ഒരു വരമായിരുന്നു ചാര്‍ലി മൂന്നാമതായി ദേവനോടാവശ്യപ്പെട്ടത്. എന്‍റെ ബ്ലോഗിന് ചെറിയൊരു വൈറസ്‌ ആക്രമണ മുണ്ടാവണം. ദേവന്‍ സമ്മതിച്ചു.

തഥാസ്ഥൂ ... നിന്‍റെ ബ്ലോഗിന് ചെറിയൊരു വൈറസ്‌ ആക്രമണമുണ്ടാവും.

ചാര്‍ളിക്ക് സമാധാനമായി..... ഭൂലോകത്ത് ഇനി ഞാനും എന്‍റെ ബ്ലോഗും മാത്രം ഒന്നാമന്‍....

പിറ്റേ ദിവസം രാവിലെ തന്‍റെ ബ്ലോഗ്‌ തുറന്ന ചാര്‍ലി കണ്ടു, കൂടുതല്‍ ഹിറ്റുകള്‍ ... മനസ് നിറയെ പുതിയ പോസ്റ്റിനുള്ള ആശയങ്ങള്‍... പിന്നെ വൈറസ്‌ ആക്രമണം കൊണ്ടാവും ആകെ മൊത്തം ഒരു ഉഷാരില്ലായ്മ ... എന്നാലും സാരമില്ല... തന്‍റെ എതിരാളിയുടെ ബ്ലോഗില്‍ ഇതായിരിക്കില്ലല്ലോ സ്ഥിതി... ചാര്‍ളിക്ക് സന്തോഷം അടക്കാനായില്ല.

ചാര്‍ലി കുത്തിയിരുന്ന് പോസ്റ്റുകള്‍ എഴുതാന്‍ തുടങ്ങി... താന്‍ എഴുതുന്നതിന്‍റെ പത്തിരട്ടി അവനും എഴുതുന്നുണ്ടാവും എന്നവനറിയാമായിരുന്നു. അവനു വിഷമമൊന്നും തോന്നിയില്ല... വൈറസ്‌ ആക്രമണം മൂലം ബ്ലോഗിന്‍റെ പെര്‍ഫോര്‍മന്‍സ് ദിവസം തോറും കുറഞ്ഞു വരുകയാണ്... ഇതിന്‍റെ പത്തിരട്ടി അവനും ഉണ്ടാവുമല്ലോ...അവന്‍റെ ബ്ലോഗിപ്പോള്‍ പണ്ടാരമടങ്ങിയിട്ടുണ്ടാവും.. ചാര്‍ളി ആശ്വസിച്ചു....

ദിവസങ്ങള്‍ക്കു ശേഷം ചാര്‍ലി തന്‍റെ എതിരാളിയുടെ ബ്ലോഗൊന്നു സന്ദര്‍ശിച്ചു........ ഹെന്‍റെ ബ്ലോഗ്‌ മുത്തപ്പാ... വെളുക്കാന്‍ തേച്ചത് പാണ്ടായോ?? ഞാനെന്താണീ കാണുന്നത്?? ദിനവും നൂറിനടുത്ത പോസ്റ്റുകള്‍. പിന്നെ ഹിറ്റുകളുടെ കുത്തൊഴുക്ക്.... വൈറസ്‌ ആക്രമണത്തിന്‍റെ പൊടി പോലുമില്ല... പോസ്റ്റുകളും ഹിറ്റുകളും പിന്നെ കമന്റുകളും ചാര്‍ളിയെ നോക്കി കൊഞ്ഞനം കുത്താന്‍ തുടങ്ങി.

എതിരാളിയുടെ ബ്ലോഗിനെ ബാധിച്ച വൈറസ്‌ ചാര്‍ളിയുടെ ബ്ലോഗിനെ ആക്രമിച്ചതിനെക്കാള്‍ പത്ത് മടങ്ങ്‌ ചെറുതായിരുന്നു.....

Saturday, September 4, 2010

Y don't U do a Google?


രാജേഷ് വിളിച്ചിരുന്നു, രാവിലെ..

യു. ജി. സി. നെറ്റ് അപ്ലിക്കേഷന്‍ വിളിച്ചോയെന്നറിയാന്‍!!!

ഞാന്‍ പറഞ്ഞു, അറിയില്ലെന്ന്... Do a Google

അവന്‍ മറുപടിയൊന്നും പറഞ്ഞില്ല... ഒന്നു മൂളി


വീട്ടില്‍ നിന്നിറങ്ങാന്‍ നേരം ദുബൈയില്‍ നിന്നും അനിയന്റെ കോള്‍,

മാനാഞ്ചിറ എസ്. ബി. ഐ യുടെ ഫോണ്‍ നമ്പര്‍ എത്രയെന്നറിയാന്‍!!!
എനിക്കറിയില്ല... Do a Google
അവനും മറുപടിയൊന്നും പറഞ്ഞില്ല... ടക് ഫോണ്‍ കട്ട്‌ ചെയ്തു...


ധൃതിയില്‍ ബസ്‌ സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ അതാ പുറകില്‍ നിന്നൊരു വിളി,

അയല്‍പക്കത്തെ അഞ്ചാം ക്ലാസ്സുകാരന്‍, കയ്യിലൊരു പേപ്പറും പേനയുമായി...
അന്തരീക്ഷ മലിനീകരണത്തെക്കുരിച്ചൊരു പ്രൊജക്റ്റ്‌ തയ്യാറാക്കാന്‍ കുറെ വിവരങ്ങള്‍ വേണമത്രേ?
സമയമില്ല മോനെ... Do a Google
ഗൂഗിളോ? അവനൊന്നും മനസ്സിലായില്ല...


ഓഫീസിലെത്തിയപ്പോള്‍ അതാ ബോസ്സിന്‍റെ 'ഇ കത്ത്',
Google മെയിലില്‍!!!
കഴിഞ്ഞ മാസം വന്ന ഒരു പത്രറിപ്പോര്‍ട്ടിന്‍റെ കോപ്പി വേണം പോല്‍!!!
ഒന്നു Google ചെയ്‌താല്‍ കിട്ടില്ലേ അതൊക്കെ... എന്നെ ബുദ്ധിമുട്ടിക്കണോ വെറുതെ??
എന്ന് മനസ്സില്‍ തോന്നിയെങ്കിലും Google ചെയ്തു റിപ്പോര്‍ട്ട്‌ കണ്ടെത്തി മെയിലയച്ചു...


വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ ചോദ്യം, കാറിന്‍റെ കീയെവിടെയെന്നു???

ഞാനെടുത്തില്ല എന്നാണ് പറയാന്‍ ഉദ്ദേശിച്ച്ചതെങ്കിലും പറഞ്ഞപ്പോള്‍ മാറിപ്പോയി...
Google ചെയ്തു നോക്കാന്‍ മേലായിരുന്നോ???
അതിനു അമ്മയുടെ മറുപടി കയ്യിലുള്ള തവി കൊണ്ടായിരുന്നു!!!


വേദനിക്കുന്ന കയ്യുമായി ഞാന്‍ പെയിന്‍ ബാം തിരഞ്ഞു കുറെ നടന്നു...

കിട്ടിയില്ല... അവസാനം അനിയത്തിയുടെ സഹായം തേടി...
അവള്‍ പറഞ്ഞു...
I don't know. Why don't you do a Google?

Tuesday, April 6, 2010

ഡാഡി മമ്മി വീട്ടില് ഇല്ലൈ.......

ഹേ ഡാഡി മമ്മി വീട്ടില് ഇല്ലൈ , തട പോട യാറും ഇല്ലൈ , വിളയാടുവോമാ ഉള്ളെ വില്ലാളാ........
ലേറ്റസ്റ്റ് തമിഴ് സിനിമാഗാന ഈരടികള്‍ അവനെ സ്വപ്നലോകത്തു നിന്നുണര്‍ത്തി. "ആരാണാവോ ഈ കൊച്ചു വെളുപ്പാന്‍കാലത്ത് മനുഷ്യനെ മെനക്കെടുത്താന്‍."

ഫോണ്‍ ഒാഫ് ചെയ്യാനാണ് ആദ്യം തോന്നിയത്. പക്ഷെ പെട്ടെന്ന്‍ ഒരു ഉള്‍വിളി. പുലരാന്‍ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് കേട്ടിട്ടുണ്ട്. ഇനിയിത് അവളായിരിക്കുമോ? രണ്ടു ദിവസം മുന്‍പ് ലഭിച്ച ആ missed call! അവള്‍ വീടിലേക്ക്‌ വിളിച്ചതായി ദാ ഇപ്പൊ സ്വപ്നം കണ്ടതേ ഉള്ളു.

പതിയെ ഫോണ്‍ ചെവിയോടു ചേര്‍ത്തു. "ഹലോ രാജേഷ് ചേട്ടനല്ലേ".... അതെ കിളിനാദം. അവന്റെ ആഹ്ലാദം അണപൊട്ടിയൊഴുകി. എങ്കിലും പുറത്തു കാണിക്കാതെ അവന്‍ മറുവാക്ക് മൊഴിഞ്ഞു. "അതെ. ആരാണ്?"
"ഇത്ര പെട്ടന്ന് എന്നെ മറന്നോ? ഞാന്‍ സിസിലിയാ, സെന്റ്‌ തെരേസാസിലെ.." അവള്‍ ചിണുങ്ങി.

മനസ്സില്‍ സന്തോഷം അലതല്ലിയെങ്കിലും അവന്‍ നിയന്ത്രിച്ചു. ഇവളൊരു പൊട്ടി തന്നെ. ഇന്നലെ ഞാനിറക്കിയ നമ്പര്‍ നന്നായി ഏറ്റു. എന്നാലും ഇവള്‍ ഇത്ര പെട്ടന്ന് വീഴുമെന്നു കരുതിയതെ ഇല്ല.
"എന്താ പ്രത്യേകിച്ച്?" അവന്‍ ചോദിച്ചു.
"അതെന്താ അങ്ങിനെ ചോദിച്ചേ? എനിക്ക് നിങ്ങളെ വിളിക്കാന്‍ പാടില്ലേ? വിളിക്കണംന്ന് തോന്നി. വിളിച്ചു അത്ര തന്നെ. ഇഷ്ട്ടപെട്ടില്ലെങ്കില്‍ സോറി. ഞാന്‍ വെക്ക്വ." അവള്‍ പിണങ്ങാനുള്ള ഭാവമാണെന്നു തോന്നി.

"അല്ല. ചുമ്മാ ചോദിച്ചതാ. പറ." അവന്‍ മസില് വിട്ടു.
"വേറെ ഒന്നുമില്ല. ഒരു കാര്യം പറയാനുണ്ടായിരുന്നു." അവള്‍ പതുക്കെ അവന്റെ ചെവിയില്‍ മന്ത്രിച്ചു. "ഇന്ന്‍ എന്‍റെ വീട്ടില്‍ വരുമോ? അവിടെ ആരും ഉണ്ടാവില്ല."

ഒരു നിമിഷം വേണ്ടിവന്നു അവനു പ്രതികരണ ശേഷി തിരിച്ചു കിട്ടാന്‍. ഇതാ ഞാനെത്തി എന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും അപ്പുറത്ത് ഫോണ്‍ കട്ടായി. അവനൊന്നു തുള്ളിചാടണമെന്നു തോന്നി. ഡാഡി മമ്മി വീട്ടില്
ഇല്ലൈ , തട പോട യാറും ഇല്ലൈ...... ഒരു മൂളിപ്പാട്ടും പാടി അവന്‍ നേരെ ബാത്ത്റൂമിലേക്കോടി.

ഒരു മിനുട്ടിനുള്ളില്‍ എല്ലാം തീര്‍ന്നു. ബൈക്ക് എടുത്തു അവന്‍ കുതിച്ചു അവളുടെ വീട്ടിലേക്ക്. അഞ്ചു മിനിറ്റു കൊണ്ട് അവളുടെ വീട്ടിലെത്തി.....

അവള്‍ പറഞ്ഞത് ശരിയായിരുന്നു.
അവിടെ ആരും ഉണ്ടായിരുന്നില്ല... അവളും!!!!!!!!!!!!!!!

Wednesday, March 10, 2010

Where ever I went, she followed….

I met her for the first time at the railway station. Even though we didn’t talk anything, she was around me. She was there in the same compartment till the end.


Getting down from the train, I looked around hoping to see her again. But she just vanished to the crowd like a butterfly.


I met her again next week at the cinema theatre and we were together till the show is over. In fact, she didn’t let me to watch the film.


Later, we met often at various places; park, beach, bus stand… She was following me where ever I go!!!


Finally that too happened. She came to my bedroom. She stayed with me a whole night giving me a sleepless night!!!


When I woke up next day, she was not there in my bedroom. I was shocked when I realized that she left me without saying a good bye.


As I woke up from the bed, I could see a letter on my table…….


Hi,


Sorry dear. It’s getting late for me. I have to go. My mind doesn’t allow me to disturb your sleep. You are so sweet and I really did enjoy your company. It was a wonderful experience for me yesterday night.


With sweet kisses,


Lovingly yours,
Ms. MOSQUITO
 

blogger templates | Make Money Online