Wednesday, January 12, 2011

ചില രക്തദാന കഥകള്‍

അങ്ങിനെ രണ്ടാമത്തെ ശ്രമവും വിജയിച്ചില്ല. ഒരിക്കലെങ്കിലും രക്തദാനം നടത്തണമെന്ന് വലിയൊരാഗ്രഹമായിരുന്നു. അതിനുള്ള അവസരമാണ് ഇന്നലെ നഷ്ടപ്പെട്ടത്. പണ്ട് ചെന്നൈയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരിക്കല്‍ ഈ സാഹസത്തിനു മുതിര്‍ന്നതാണ്. ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മലയാളിയായ യുവാവിനു അടിയന്തിരമായി രക്തം വേണമെന്ന് മലയാളീ സമാജത്തില്‍നിന്നും ഫോണ്‍ വന്നപ്പോള്‍, സുഹൃത്തുക്കളുടെ കൂടെ O+ve കാരനായ ഞാനും പോയി.

ക്രോസ് മാച്ചിംഗ് ടെസ്റ്റിനായി ലാബില്‍ ചെന്നപ്പോള്‍, മലയാളിയായ നഴ്സ് എന്നെയൊരു നോട്ടം. ഞാന്‍ ഒന്നൂടെ ഞെളിഞ്ഞു നിന്നു, ഇതൊക്കെ നിസ്സാരമെന്ന മട്ടില്‍... പക്ഷെ ആ നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാവാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു. എന്നോട് മാറിനില്‍ക്കാന്‍ പറഞ്ഞ  അവള്‍ അടുത്തവനെ വിളിച്ചു. ഞാന്‍ ആകെ തളര്‍ന്നു.. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ അവഗണന. ഒരു കുപ്പി രക്തം പോലും എന്‍റെ ശരീരത്തിലില്ലേ? ഇനി അഥവാ ഇല്ലെങ്കിലും ചുമ്മാ ഒരു ക്രോസ് ടെസ്റ്റ്‌ നടത്തി, മാച്ചിംഗ് അല്ല എന്നോ മറ്റോ പറഞ്ഞു എന്‍റെ മാനം രക്ഷിക്കാമായിരുന്നു ആ രക്ഷസിക്ക്!

രക്തം കൊടുക്കാന്‍ പറ്റാത്തതിലായിരുന്നില്ല എനിക്ക് സങ്കടം. കൂടെയുള്ള ചെറ്റകള്‍ക്ക് ആഘോഷിക്കാന്‍ ഞാന്‍ തന്നെ അവസരം കൊടുത്തല്ലോ. ഏതു നേരത്താണാവോ ഇങ്ങിനെയൊരു ബുദ്ധി തോന്നിയത്....

അതൊക്കെ പഴയ കഥ... ആരോഗ്യസ്ഥിതി ഇപ്പോള്‍ കുറച്ചു കൂടി ഭേദപ്പെട്ടിട്ടുണ്ട്. ഇത്തവണ എന്തായാലും കാര്യം സാധിക്കണം. ഫോണ്‍ വന്ന ഉടനെ പോകാന്‍ തയ്യാറായി. പക്ഷെ സംഗതി വേഗം ഫ്ലാഷായി... കമന്റുകള്‍ക്കൊന്നും ചെവികൊടുക്കാതെ, നേരെ ഹോസ്പിറ്റലിലെത്തി. ഡെലിവറി കേസ് ആണ്. സിസേറിയന്‍ വേണ്ടിവരുമത്രേ... കുട്ടിയുടെ മുത്തച്ഛനെ കണ്ട് നേരെ ലാബിലേക്ക് നടന്നു. സാമ്പിളെടുക്കാന്‍ നഴ്സ് സൂചിയെടുത്തതും, കുട്ടിയുടെ അച്ഛന്‍ ഓടിവന്നു പറഞ്ഞു. "ഇനി വേണ്ട.. പ്രസവം കഴിഞ്ഞു... സുഖ പ്രസവമായിരുന്നു..."

ഒരുമാതിരി വിളിച്ചുണര്‍ത്തി അത്താഴമില്ല എന്ന് പറയുന്നപോലുള്ള ഒരു ഏര്‍പ്പാടായിപ്പോയി. എന്നാലും സാരമില്ല... ഒരു സിസേറിയന്‍ ഇല്ലാതെ തന്നെ കാര്യം സാധിച്ചല്ലോ. പക്ഷെ തിരിച്ചു നാട്ടിലെത്തിയപ്പോഴെക്കും സംഗതി പാട്ടായിരുന്നു. എന്‍റെ രക്തമാണ് സ്വീകരിക്കേണ്ടിവരിക എന്നറിഞ്ഞ പെണ്‍കുട്ടി പേടിച്ചു പ്രസവിച്ചതാണെന്നായിരുന്നു എന്‍റെ കൂടെ വന്ന സുഹൃത്ത് പ്രചരിപ്പിച്ചത്.

ഇതിലും വലുതൊന്നും സംഭാവിച്ചില്ലല്ലോ എന്ന് കരുതി ഞാന്‍ സമാധാനിച്ചു. രക്തദാനവുമായി ബന്ധപ്പെട്ടു എത്രയെത്ര കഥകളാണ് നാട്ടില്‍ പ്രചരിച്ചിരിക്കുന്നത്. ഗോപിയുടെ കഥ തന്നെ ഉദാഹരണം. സുഹൃത്തിന്‍റെ മകള്‍ക്ക് രക്തം കൊടുക്കാന്‍ ആശുപത്രിയിലെത്തിയ ഗോപിയുടെ ഇന്ദ്രന്‍സിനെപ്പോലുള്ള ശരീരം കണ്ടപ്പോഴേ സിസ്റ്റര്‍ സംശയം പ്രകടിപ്പിച്ചതാണ്. വിശേഷ ഗ്രൂപ്പായതിനാല്‍, വേറെ കിട്ടാന്‍ നിവൃത്തിയില്ല. വയറു നിറയെ മുന്തിരി ജ്യൂസും കുടിപ്പിച്ചു, ബലിക്കാളയെ ഒരുക്കുന്നപോലെ എല്ലാവരും ചേര്‍ന്ന്, ഗോപിയെ റെഡിയാക്കിക്കിടത്തി ഉള്ള രക്തം ഊറ്റിയെടുത്തു; ഒരു യൂണിറ്റ്.

അല്‍പ നേരത്തിനു ശേഷം പോകാന്‍ എഴുന്നേറ്റ ഗോപിയോട് സിസ്റ്റര്‍ പറഞ്ഞു. "ക്ഷീണമുണ്ടെങ്കില്‍ അല്‍പനേരം കൂടി കിടന്നോളൂ."  തനിക്കൊന്നുമില്ലെന്നു അവളെയും തന്‍റെ സുഹൃത്തുക്കളെയും അറിയിക്കാന്‍ ഗോപി കൈകള്‍ രണ്ടും മുകളിലോട്ടുയര്‍ത്തി, ശരീരം പിന്നോട്ട് വളച്ചു, ഒന്നു മൂരി നിവര്‍ന്നുകൊണ്ട് പറഞ്ഞു, "ഹേയ്, ഇതൊക്കെ എന്ത്?". പറഞ്ഞു തീര്‍ന്നതും, ഗോപി പിന്നോട്ട് മറിഞ്ഞു വീണു, വെട്ടിയിട്ട വാഴത്തടിപോലെ... നാല് കുപ്പി ഗ്ലൂക്കോസ്, രണ്ടു ഇഞ്ചക്ഷന്‍, പിന്നെ ഗുളികകളും എല്ലാം കൂടെ ഒരു ദിവസത്തെ ആശുപത്രി ചെലവ് 800 രൂപ.

പൊതുവേ രക്തം കണ്ടാല്‍ തല കറങ്ങുന്നവനാണ് ജാഫര്‍. ചെറിയ റോഡപകടമോ മറ്റോ മതി, അവന് ബോധം പോകാന്‍. ഗത്യന്തരമില്ലാതെ ഒരിക്കല്‍ സഹോദരിക്ക് രക്തം നല്‍കേണ്ടി വന്നു. മനസ്സില്‍ പേടി തോന്നിയെങ്കിലും കണ്ണും പൂട്ടിയങ്ങു കിടന്നു കൊടുത്തു. എല്ലാം കഴിഞ്ഞു എഴുന്നേറ്റിരുന്നപ്പോള്‍ കണ്ടത് മുന്‍പിലിരുന്ന ബ്ലഡ്‌ ബാഗ്.... ഡിം... ഉടനെ പോയി ബോധം... പൊത്തോന്ന് താഴെ വീണു. വേഗം കട്ടിലില്‍ കിടത്തി ഡോക്ടറെ വിളിച്ചു. എടുത്ത രക്തം ഉടനെ തിരിച്ചു കയറ്റി. അതിനുപുറമെ ഒരു കുപ്പി കൂടി വേണ്ടി വന്നു, ജാഫറിനു ബോധം തിരിച്ചു കിട്ടാന്‍!!!

8 comments:

 1. ബ്ലഡ്‌ കൊടുക്കല്‍ സംബന്ധമായ പേടി വെറും മാനസികമാണ്. അതുകൊണ്ട് ശരീരത്തിന് ഒരു വ്യത്യാസവും വരാനില്ല. പോസ്റ്റിലെ നര്‍മം ആസ്വദിച്ച് ചിരിച്ചു വായിച്ചു

  ReplyDelete
 2. ഹ ഹ ശരിക്കും ചിരിപ്പിച്ച പോസ്റ്റ്‌.. വെറുതെ പറയുന്നതല്ല.. അവിചാരിതമായി ഇവിടെ എത്തിയതാ, നമ്മുടെ പോണിയുടെ ബ്ലോഗില്‍ നിന്നും! ഹ ഹ കിടിലം മാഷെ കിടിലം!! ഈ കോമെടികള്‍ ഒക്കെ ഒരു സിനിമയില്‍ പ്രയോഗിച്ചലുണ്ടല്ലോ സുപെര്‍ബ് ആയിരിക്കും!
  ഐ എന്ജോയെട് എ ലോട്ടെ.!!!!!!!!!!!.

  ReplyDelete
 3. നല്ലതമാശ ആസ്വദിച്ചു
  അഭിനന്ദനങ്ങള്‍

  ReplyDelete
 4. സമാസ സമാസ!!

  ഹ ഹ ഹ, ആസ്വദിച്ചു കേട്ടാ!

  ReplyDelete
 5. അയ്യോ നാല് കൊല്ലം മുമ്പ് കണ്ടിരുന്നെങ്കിൽ ഒരു കുപ്പി ഞാൻ വാങ്ങിയേനെ

  ReplyDelete
 6. നിങ്ങൾ രക്തം തരൂ ഞാൻ സ്വാതന്ത്ര്യം തരാം എന്ന് പണ്ട് നേതാജി പറഞ്ഞ വാക്യമൊക്കെ ഓർത്ത് കോരിത്തരിച്ച് നടക്ക് നാടോടി.

  ReplyDelete

 

blogger templates | Make Money Online