Wednesday, May 4, 2011

ബിന്‍ലാദന്റെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍?

ലോകത്തെ പിടിച്ചു കുലുക്കിയ 9/11 ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമെന്ന് കരുതിയിരുന്ന ഒസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നു അമേരിക്കന്‍ പ്രസിഡണ്ട്‌ ബാരക് ഹുസൈന്‍ ഒബാമ. വാര്‍ത്ത സത്യമോ??? പത്രപ്രവര്‍ത്തന ക്ലാസുകളില്‍ പഠിപ്പിക്കുന്ന വാര്‍ത്തയുടെ ഏകകം 5Ws &1 H (who, what, when, where, why and How) വച്ച് നോക്കിയപ്പോള്‍ സംഗതി ശെരിയാണ്. ഒരു വാര്‍ത്ത സത്യമെന്ന് തോന്നിപ്പിക്കാന്‍ ഇതൊക്കെത്തന്നെ ധാരാളം. പക്ഷെ ഇതിനൊക്കെ അപ്പുറമല്ലേ മനുഷ്യന്റെ സാമാന്യ ബുദ്ധി? സാമാന്യ ബുദ്ധിക്കു നിരക്കാത്ത ചില കാര്യങ്ങള്‍ തൊണ്ട തൊടാതെ അങ്ങ് വിഴുങ്ങാനോക്കുമോ?

എന്ത് കൊണ്ട് സംശയം?
ഈ വാര്‍ത്ത പുറത്തുവിട്ട സന്ദര്‍ഭം, തിടുക്കപ്പെട്ടു ശരീരം കടലില്‍ ഒഴുക്കിയത് തുടങ്ങിയവ തന്നെയാണ് സംശയത്തിനിടനല്‍കുന്നത്. കൊല്ലപ്പെട്ടത് ലാദന്‍ തന്നെയാണെന്ന് സ്ഥിതീകരിക്കുന്ന ഒരു തെളിവും അമേരിക്ക പുറത്തുവിട്ടിട്ടില്ല... ഇനി പുറത്തുവിടുമെന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല. മൃതദേഹത്തിന്റെ അല്ലെങ്കില്‍ അത് കടലില്‍ സംസ്കരിക്കുന്നതിന്റെ ഫോട്ടോ എന്ത് കൊണ്ട് മാധ്യമങ്ങള്‍ക്ക് കൊടുത്തില്ല? ഉസാമയുടെതെന്നു പറഞ്ഞു ജിയോ ടി വി പുറത്തുവിട്ട ചിത്രം വ്യാജമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. എന്തിനധികം, ടെലഗ്രാഫും മെയിലും അടക്കമുള്ള പാശ്ചാത്യപത്രങ്ങള്‍ പ്രസിദ്ധീകരിച്ച ആ ഫോട്ടോ 2010 ല്‍ തന്നെ ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ്.

പിന്നെ കൊല്ലപ്പെട്ടത് ലാദന്‍ തന്നെയെന്നു ഒബാമ പറഞ്ഞാല്‍ മാത്രം വിശ്വസിക്കണോ? കൊലയാളികള്‍ തന്നെ കൊല്ലപ്പെട്ടവന്റെ ബോഡി തിരിച്ചറിഞ്ഞു എന്ന് പറയുന്നതിനേക്കാള്‍ വലിയ നാടകം എന്തുണ്ട്? ഡി. എന്‍. എ ടെസ്റ്റ്‌ നടത്തിയെങ്കില്‍ എന്തുകൊണ്ട് അതിന്‍റെ വിശദാംശങ്ങള്‍ പുറത്തു വിട്ടുകൂട? കൊല്ലപ്പെട്ടത് ബിന്‍ലാദന്‍ തന്നെയാണെന്ന് സ്ഥിതീകരിക്കാന്‍ ഒന്നിലതികം തിരിച്ചറിയല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഡി. എന്‍. എ. പരിശോധനയില്‍ കൃത്യമായ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നുമാണ്  ഒരു പെന്റഗണ്‍  ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടത്.

ഇത്രയധികം തെളിവുണ്ടെങ്കില്‍ പിന്നെ എന്തിനീ സസ്പെന്‍സ്? മൃതദേഹം ബന്ധുക്കള്‍ക്കോ മറ്റുള്ളവര്‍ക്കോ വിട്ടു കൊടുത്താല്‍ ലാദന് വീര പരിവേഷം ലഭിക്കുമെന്നും ഖബറടക്കിയ സ്ഥലം പിന്നീട് തീര്‍ഥാടന കേന്ദ്രമാവുമെന്നുമുള്ള അമേരിക്കയുടെ പേടി വേണമെങ്കില്‍ അംഗീകരിക്കാം. പക്ഷെ മുസ്ലിം മതാചാരപ്രകാരം മൃതദേഹം ഉടന്‍ സംസ്കരിക്കേണ്ടതുണ്ട് എന്നതിനാലും, മൃതശരീരത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി എന്ന് ലോകത്തെ ബോധ്യപ്പെടുത്താനു മായിരുന്നത്രേ അമേരിക്കയുടെ ശ്രമം! (ഇപ്പോള്‍ അമേരിക്ക നടത്തിയിരിക്കുന്ന ഖബറടക്ക ല്‍ രീതി തന്നെ തന്നെ കേട്ട് കേള്വിയില്ലാത്തതാണ്).
ആഗോള ഭീകരതയുടെ പ്രതീകമായിരുന്ന ഒസാമയുടെ രക്തപങ്കിലമായ ശരീരദൃശ്യങ്ങള്‍ പുറത്തു വിടുന്നത് അനുയായികളെ പ്രകോപിപ്പിക്കുമെന്നും അമേരിക്ക ഭയപ്പെട്ടിരുന്നത്രേ!  ഒസാമ ഭീകരനല്ലെന്നോ, അയാള്‍ കൊല്ലപ്പെട്ടത് ദൌര്‍ഭാഗ്യകരമായിപ്പോയെന്നോ  ഇതു വരെ ഒരു രാജ്യവും പ്രതികരിച്ചിട്ടില്ല.എന്നാല്‍ സദ്ദാം ഹുസൈനെ പിടികൂടി അങ്ങേയറ്റം പ്രാകൃതമായ രീതിയില്‍ പരിശോധന നടത്തുന്നത് ലോകത്തെ മുഴുവന്‍ കാണിച്ചപ്പോള്‍ ഇതൊന്നും ബാധകമായിരുന്നില്ലേ? സദ്ദാംഹുസൈന്റെ ജനപിന്തുണയുടെ നൂറില്‍ ഒന്നു പോലും ഇല്ലാത്ത ഒസാമയോട് ആദരവ് കാണിച്ചു എന്നതിനാല്‍ മാത്രം അമേരിക്കയെക്കുറിച്ചുള്ള സങ്കല്പങ്ങളില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. അതേസമയം ഹുസൈന്റെ മക്കളായ ഉദയ്, ഖുസയ് എന്നിവരുടെ മൃതദേഹം പതിനൊന്നു ദിവസത്തിന് ശേഷമാണ് ബന്ധുക്കള്‍ക്ക് ഖബറടക്കാന്‍ അമേരിക്കന്‍ പട്ടാളം വിട്ടുകൊടുത്തത്. ഉദയ്, ഖുസയ് എന്നിവര്‍ മതാചാരപ്രകാരമുള്ള ഖബറടക്കത്തിനു അര്‍ഹരല്ലെന്നും, പതിനായിരങ്ങളുടെ മരണത്തിനുത്തരവാദിയെന്നു അമേരിക്ക തന്നെ ആരോപിക്കുന്ന ഒസാമക്ക് അമേരിക്ക നല്‍കുന്ന ഈ പരിഗണനക്ക് പിന്നിലെ ചേതോവികാരം തീര്‍ച്ചയാരും മറ്റൊന്നാണ്.
എന്തുകൊണ്ട് സംശയിക്കണം? 

ഒസാമ ജീവിച്ചിരിപ്പില്ലെന്നു പല തവണ വിവിധ പാശ്ചാത്യ മാധ്യമങ്ങളും, എന്തിനതികം ഈ അമേരിക്ക പോലും പലവട്ടം പുറത്ത് വിട്ടിട്ടുള്ളതാണ്. 2001 ഡിസംബറില്‍ കരള്‍ സംബന്ധമായ അസുഖം കാരണം ലാദന്‍ തോറ ബോറയില്‍ വെച്ചു മരിച്ചെന്നാണ് ഒരു താലിബാന്‍ നേതാവിനെ ഉദ്ധരിച്ചുകൊണ്ട് അന്ന് പാക്കിസ്താന്‍ ഒബ്സര്‍വര്‍ വാര്‍ത്ത പുറത്തുവിട്ടത്. 2002  ജൂലൈയില്‍ ന്യൂയോര്‍ക്ക്‌ ടൈംസും ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവിട്ടു. പാകിസ്ഥാന്‍ പ്രസിഡണ്ട്‌ പര്‍വേഷ് മുഷറഫും ഇത്തരത്തില്‍ ചില സൂചനകള്‍ നല്‍കി എന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ എവറസ്റ്റിനൊപ്പം ഈഗോയുള്ള, ചെയ്യാത്ത കാര്യത്തിനും പിതൃത്വം ഏറ്റെടുക്കുന്ന, ലാദന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇത്രയും കാലം നിശബ്ധനായിരിക്കാന്‍ സാധിക്കില്ലെന്നും പറയുന്നു. ഗുരുതരമായ ചില രോഗങ്ങള്‍ക്കടിമയായിരുന്നു ലാദനെന്ന റിപ്പോര്‍ട്ടുകളായിരുന്നു ഇത്തരം വാര്‍ത്തകള്‍ക്കാധാരം. 


1997ല്‍ ലാദനെ ഇന്റര്‍വ്യൂ ചെയ്ത സി.എന്‍.എന്നിന്റെ ടെററിസം അനലിസ്റ്റ് പീറ്റര്‍ ബെര്‍ഗെന്‍ പറഞ്ഞത് ലാദന്‍ ഒരു പാട് രോഗങ്ങളുടെ പിടിയിലാണ് എന്നായിരുന്നു. 1997 മുതല്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ 2011 വരെ വിവിധ പ്രതികൂല കാലാവസ്തകളെ തരണം ചെയ്തു ജീവിച്ചു എന്നാണോ?
2002 ഡിസംബറില്‍, ബിന്‍ലാദന്റെതായി അല്‍ജസീറ ചാനല്‍ പുറത്തു വിട്ട ഒരു വീഡിയോ തമസ്കരിച്ചുകൊണ്ട് അന്നത്തെ ബുഷ്‌ ഭരണകൂടം പറഞ്ഞത് വീഡിയോ ലാദന്‍ മരിച്ചു എന്ന വാര്‍ത്തയെ മൂടിവെക്കാന്‍ വേണ്ടി സൃഷ്ടിച്ച ഒരു പ്രചാരവേലയാണെന്നായിരുന്നു. ആ സംഭവം റിപ്പോര്‍ട്ട്‌ ചെയ്ത ടെലിഗ്രാഫ് പത്രത്തില്‍ ലാദന്‍ കൊല്ലാപ്പെട്ടു എന്നുള്ളതിന്  നിരവധി തെളിവുകളും ബുഷ്‌ ഭരണകൂടവും പെന്റഗണും നിരത്തുന്നുണ്ട്‌. അത്ര പോലും വിശ്വാസ്യത പുതിയ റിപ്പോര്‍ട്ടുകള്‍ക്കില്ലതാനും! ഒസാമ കൊല്ലപ്പെട്ടുവെന്ന് ലോകത്തെ അറിയിക്കുന്ന ആദ്യ നേതാവൊന്നുമല്ല ഒബാമ. മുഷറഫിന്‌ പുറമേ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹാമിദ് കര്‍സായി, മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ തുടങ്ങിയവരും പലപ്പോഴായി ഇതു പുറത്തു വിട്ടിട്ടുണ്ട്. അവരാരും ഒരു തെളിവും നല്കിയിരുന്നില്ല എന്നത് ശരിതന്നെ. പക്ഷെ അവരില്‍നിന്നു വ്യത്യസ്തമായി എന്ത് വിശ്വസനീയമായ തെളിവാണ് ഇപ്പോള്‍ അമേരിക്ക നല്‍ക്കുന്നത്?

കൂടാതെ അമേരിക്കയുടെതടക്കമുള്ള വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും പലപ്പോഴും ഇത്തരം സംശയങ്ങള്‍ പുറപ്പെടുവിച്ചിരുന്നു; എഫ്. ബി. ഐ കൌണ്ടര്‍ ടെററിസം ചീഫ് ഡെയില്‍ വാട്സന്‍ അടക്കം!

2002 ഒക്ടോബറില്‍ തന്നെ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി ഇക്കാര്യം സ്ഥിതീകരിക്കുകയും പിന്‍ഗാമിയെ തിരഞ്ഞെടുത്തതായി സംശയിക്കുന്നതായും റിപ്പോര്‍ട്ട്‌ ചെയ്തു. 2008 ഫെബ്രുവരിയില്‍ വേള്‍ഡ് ട്രിബ്യൂണ്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച‍‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ലാദന്‍ ജീവിചിരിപ്പില്ലെന്നും അതേ സമയം പഴയ ഓഡിയോ ടേപ്പുകളിലൂടെ അദ്ദേഹം ജീവിച്ചിരിക്കുന്നതായി മനപൂര്‍വം പ്രച്ചരിപ്പിക്കുന്നതാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും വിശ്വസിക്കുന്നു എന്നാണു. 2006 ആഗസ്റ്റില്‍ പാകിസ്ഥാനില്‍ വെച്ചു ടൈഫോയിഡ് ബാധിച്ച് ലാദന്‍ മരിച്ചതായി സൗദി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ ചെയ്ത കാര്യം ബി.ബി.സിയും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.


ഇനി ലാദന്‍ നേരത്തെ തന്നെ മരിച്ചുവെങ്കില്‍ എന്ത് കൊണ്ട് അമേരിക്ക ഇത്രയും കാലം അത് മറച്ചു വെച്ചു? 2001 ല്‍ തന്നെ ബിന്‍ ലാദന്‍ മരണപ്പെട്ടുവെന്നും ഒബാമയും ചെനിയും അടക്കമുള്ളവര്‍ ഇതു പരസ്യമായിത്തന്നെ സമ്മതിക്കുന്നു എന്നുമാണ് വെറ്ററന്‍സ് ടുഡേ സീനിയര്‍ എഡിറ്ററായിരുന്ന ഗോര്‍ഡണ്‍ ഡഫ് 2009 ഡിസംബറില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസ്സിസ്റ്റന്‍സ് ഫോഴ്സില്‍ കമാണ്ടര്‍ ആയിരുന്ന ജനറല്‍ സ്റ്റാന്‍ലി മക് ക്രിസ്റ്റല്‍ 2009 ല്‍ സമര്‍പ്പിച്ച അഫ്ഗാന്‍ യുദ്ധറിപ്പോര്‍ട്ടില്‍ ഒരിടത്തും ബിന്‍ ലാദനെപ്പറ്റി ഒരു പരാമര്‍ശവും ഇല്ലായിരുന്നു. അതുപോലെ ഒബാമയുടെ 'വെസ്റ്റ് പോയിന്റ്‌' പ്രസംഗത്തിലും ബിന്‍ ലാദന്‍ പരാമര്‍ശിക്കപ്പെട്ടില്ലെന്നും ഇതെല്ലാം ലാദന്‍ ജീവിച്ചിരിപ്പില്ല എന്ന് അമേരിക്കക്ക് അറിയാമായിരുന്നു എന്നുള്ളതിന് തെളിവാണെന്നും  ഗോര്‍ഡണ്‍ ഡഫ്  തന്‍റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.


എങ്കില്‍ പിന്നെ എന്തിനായിരുന്നു ഈ നാടകം? ഗോര്‍ഡണ്‍ ഡഫിന്റെ അഭിപ്രായത്തില്‍ എല്ലാം രാഷ്ട്രീയമായിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ നിഗമനങ്ങള്‍ ഏറെ പ്രധാനമാണ്. ലാദനെന്ന വ്യക്തിയെ ആഗോള ഭീകരതയുടെ പ്രതീകമായും, ലോകത്തിന്റെ തന്നെ 'നമ്പര്‍ വണ്‍' ശത്രുവായി അവതരിപ്പിക്കാന്‍ അമേരിക്കക്ക് കഴിഞ്ഞു. വിവിധ മൂന്നാം ലോക രാജ്യങ്ങളില്‍ ഒരു 'ലാദന്‍ പേടി' വളര്‍ത്താനും അതുവഴി അവിടങ്ങളില്‍ തങ്ങളുടെ സൈനിക സാന്നിധ്യം ഉറപ്പാക്കാനും അമേരിക്കക്ക് സാധിച്ചു. ചുരുക്കത്തില്‍ അഫ്ഘാനിലെയും ഇറാക്കിലെയും സൈനിക നടപടികള്‍ക്ക് മതിയായ വിശദീകരണം നല്‍കുന്നതിനു ലാദന്‍ ജീവിച്ചിരിക്കേണ്ടത് അമേരിക്കയുടെ അത്യാവശ്യമായിരുന്നു. 


ഇനി ഈ വാര്‍ത്തകളൊക്കെ സത്യമാണെങ്കില്‍ ഇപ്പോള്‍ ഇതു പുറത്തുവിടാനുള്ള കാരണമെന്തായിരിക്കും? അനുമാനങ്ങള്‍ നിരവധിയാണ്. ഏറ്റവും പ്രധാനമായി ഒബാമക്ക് ഇതില്‍ നിന്നും ലഭിക്കുന്ന പൊളിറ്റിക്കല്‍ മൈലേജ്. ഒബാമയെ സംബന്ധിച്ചിടത്തോളം അടുത്ത തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ചൂടന്‍ വിഷയം തന്നെ വേണ്ടിയിരുന്നു. പിന്നെ അനന്തമായി നീളുന്ന അഫ്ഗാന്‍ യുദ്ധം. ലാദനെ പിടിച്ചു അഫ്ഗാന്‍ മിഷന്‍ പൂര്‍ത്തീ കരിച്ചാല്‍ അവിടങ്ങളില്‍ നിന്നുള്ള സൈനികരെ പിന്‍വലിച്ചു ഇനിയും വിടാം; ഇറാനിലേക്കും, നോര്‍ത്ത് കൊറിയയിലേക്കും, ലിബിയയിലേക്കും, സിറിയയിലേക്കുമെല്ലാം ; ചുടു ചോറ് വാരിക്കാന്‍!


അതോ ഇനി പാക്കിസ്ഥാന്‍ തന്നെയാണോ ഒബാമയുടെ അടുത്ത ലക്‌ഷ്യം? സ്വന്തം മൂക്കിനു താഴെ ഒരു കൊടും ഭീകരന്‍ ഒളിച്ചു താമസിച്ചത് അറിഞ്ഞില്ലെന്ന പാക്കിസ്ഥാന്‍ നിലപാട് അതിശയകരം തന്നെയാണ്. ലാദന് അഭയം കൊടുത്തത്തിന്റെ പേരില്‍ പാകിസ്ഥാനെതിരെ ഒരു പടയൊരുക്കം നടത്താനാണോ ഒബാമയുടെ പുറപ്പാട്? ലാദന്‍ പാക് മണ്ണില്‍ ഉണ്ടായിരുന്നെന്ന് അറിയാമായിരുന്നില്ലെന്നു ആസിഫലി
സര്‍ദാരി ഇന്ന് പ്രസ്ഥാവിചിരുന്നെങ്കിലും പാക് പങ്കിനെപറ്റി ആഴത്തിലുള്ള
അന്വേഷണം വേണമെന്നാണ് അമേരിക്കന്‍നിലപാട്.
 

blogger templates | Make Money Online