Thursday, November 11, 2010

മിസ്റ്റര്‍ യെച്ചൂരി, താങ്കള്‍ തന്നെയാണ് താരം!!!

ഭീകരതയെ വെല്ലുവിളിച്ച് താജില്‍ താമസം, പൊണ്ടാട്ടിക്കൊപ്പം ചേരി പിള്ളാരുമായി പാട്ട്, ഡാന്‍സ് പിന്നെ സാറ്റ് കളി... എന്തൊക്കെയായിരുന്നു സര്‍ക്കസുകള്‍! ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിനെക്കണ്ട നിര്‍വൃതിയില്‍, കുതിര പ്പടയെയും ഒട്ടകപ്പടയെയും കണ്ട് വാപൊളിച്ച്, നാനോ കണ്ട് സംപ്രീതനായി, പിന്നെ പ്രസംഗിച്ച് ആളെക്കുപ്പിയിലാക്കി, ഇന്ത്യയെ പൊക്കിയടിച്ച്, കോടിക്കണക്കിനു രൂപയുടെ കച്ചവടക്കരാറും സ്വന്തമാക്കി അങ്ങേരങ്ങു പറന്നു, അടുത്ത സ്വീകരണ സ്ഥലമായ ജക്കാര്‍ത്തയിലേക്ക്!!!


പ്രസംഗിച്ച് പ്രസംഗിച്ച് വൈറ്റ് ഹൌസില്‍ എത്തിയ ആളാണ്‌ മിസ്റ്റര്‍ ബാരക് ഹുസൈന്‍ ഒബാമ. വാക്കുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു ഒന്നാം നമ്പര്‍ വാഗ്മി, തന്‍റെ വാക്ചാതുര്യം കൊണ്ട് ഇന്ത്യയും കുളിപ്പിച്ച് കിടത്തി എന്ന് ചുരുക്കം.


നമ്മുടെയൊക്കെ വീട്ടില്‍ ഇന്‍സ്റ്റോള്‍മെന്‍റിന്‌ സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്ന കച്ചവടക്കാരനും ഇതു തന്നെയാണ് ചെയ്തിരുന്നത്. വീട്ടുകാരെ പൊക്കിയടിച്ച്, വീടിന്‍റെ വലിപ്പത്തിലും എടുപ്പിലും സൌകര്യങ്ങളിലും അത്ഭുതം കൂറി, കൊച്ചുകുട്ടികളുടെ താടി പിടിച്ചു കൊഞ്ചിച്ച്, പിന്നെ അമ്മയെ ചൂണ്ടി ആരാ ചേട്ടത്തിയാണോ എന്നൊരു നമ്പരുമിട്ടാല്‍ പിന്നെ അവിടെ എന്തും വില്‍ക്കാം!!!


ഒരു ഡോര്‍ ടു ഡോര്‍ സെയില്‍സ്മാനെ വെല്ലുന്ന പ്രകടനമാണ് ഒബാമ ഇവിടെ കാഴ്ചവെച്ചത്. നമുക്കാവശ്യമുള്ളതും ഇല്ലാത്തതും നമ്മെക്കൊണ്ട് വാങ്ങിപ്പിച്ചു. ഇന്ത്യ യു. എസ്. വാണിജ്യബന്ധം ശക്തിപ്പെടുത്താന്‍ 4400 കോടി രൂപയുടെ വ്യാപാരക്കരാര്‍ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതു മൂലം അമേരിക്കയില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ട്ടി ക്കാനാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒബാമയുടെ ഇന്ത്യന്‍ പര്യടനം അമേരിക്കന്‍ സമ്പത്ത്‌ വ്യവസ്ഥ ഉറ്റു നോക്കിക്കൊണ്ടിരുന്നതും ഇത്തരത്തിലുള്ള നടപടികള്‍ക്കായിരുന്നു. അതല്ലാതെ, കോടികള്‍ മുടക്കി തങ്ങളുടെ പ്രസിഡണ്ടിനെ അവര്‍ ഇന്ത്യയിലെക്കയച്ചത് ചുമ്മാ പാട്ടും പാടി, കുട്ടിയും കോലും കളിക്കാനായിരുന്നില്ല എന്നുറപ്പാണ്.


വന്ന സ്ഥിതിക്ക് ഇന്ത്യക്ക് ചില പ്രതീക്ഷകള്‍ നല്‍കാനും അണ്ണന്‍ മറന്നില്ല. ഔട്ട്‌ സോഴ്സിംഗ് ഇന്‍ഡസ്ട്രിക്ക് ആപ്പടിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ടെങ്കിലും യു. എന്നില്‍ സ്ഥിരാംഗത്വം ലഭിക്കാന്‍ സഹായിക്കാമെന്നു ഏറ്റിട്ടുണ്ട്, ചില നിബന്ധനകളോടെയാണെങ്കിലും.  പിന്നെ പാക്കിസ്ഥാനെപറ്റി ചിലത് പറയാതെ പറഞ്ഞും, ഇലക്കും മുള്ളിനും കേടില്ലാതെ മിസ്റ്റര്‍ സ്കൂട്ടായി...


പക്ഷെ മിസ്റ്റര്‍ പ്രസിഡന്‍റ്‌, നിങ്ങള്‍ ഞങ്ങളെ നിരാശപ്പെടുത്തി. പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നത് സ്വപ്നം കണ്ടിരുന്നവരാണ് ഞങ്ങള്‍. നിങ്ങളുടെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളില്‍ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. ഒന്നരവര്‍ഷം മുമ്പ്, വൈറ്റ് ഹൌസിന്‍റെ സാരഥ്യം ഏറ്റെടുത്തയുടനെ അങ്ങ് ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ മുന്‍ സെനറ്റര്‍ ജോര്‍ജ് മിച്ചലിനെ പ്രത്യേക ദൂതനായി നിയമിച്ചപ്പോള്‍ താങ്കളുടെ
ഇച്ഛാശക്തിയെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.


പക്ഷെ, മൂന്നു ദിവസത്തെ താങ്കളുടെ സംഭവബഹുലമായ ഇന്ത്യാ സന്ദര്‍ശന ത്തില്‍ താങ്കള്‍ പലസതീനെപറ്റി ഒരു വാക്കുപോലും മിണ്ടാതിരുന്നത് ക്രൂരമായിപ്പോയി.


പ്രശ്നം കുറച്ച് സങ്കീര്‍ണ്ണമാണെന്നത് ഞങ്ങള്‍ക്കറിയാം. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒറ്റക്ക് പരിഹാരം കാണാന്‍ അമേരിക്കക്ക് സാധിക്കില്ലെന്ന് താങ്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. 2009 ലെ യു. എന്‍. പൊതുസഭയില്‍ താങ്കള്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ ഓര്‍ക്കുക. ഇറാന്‍, വടക്കന്‍ കൊറിയ ആണവ പ്രശ്നങ്ങള്‍, അഫ്ഘാന്‍ യുദ്ധം, പലസ്തീന്‍ പ്രശ്നം തുടങ്ങിയവ യെല്ലാം പരിഹരിക്കുന്നത് യു. എസിന്‍റെ മാത്രം ഉത്തരവാദിത്വമല്ലെന്നാണ് അന്ന് നിങ്ങള്‍ പറഞ്ഞത്.


അങ്ങിനെയെങ്കില്‍ താങ്കളുടെ സന്ദര്‍ശനവേളയില്‍ അതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ എന്തുകൊണ്ട് നിങ്ങള്‍ ശ്രമിച്ചില്ല? പ്രസംഗങ്ങളില്‍ പോലും താങ്കള്‍ എന്തുകൊണ്ട് അതെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല? ആങ്ങ് സാന്‍ സൂക്കിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട താങ്കള്‍ പലസ്തീനിലെയും ഇറാഖിലെയും ജനങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മൌനം പാലിച്ചതെന്ത്?  ഇവിടെവച്ച് പലസ്തീനെപ്പറ്റി അങ്ങയെ ഓര്‍മിപ്പിക്കാന്‍ ഒരു യെച്ചൂരി വേണ്ടിവന്നെങ്കില്‍, ഇവിടുന്നു പറന്നു ജക്കാര്‍ത്തയില്‍ വിമാനമിറങ്ങിയ ഉടനെ അങ്ങ് പശ്ചിമേഷ്യന്‍ സമാധാനത്തെ ക്കുറിച്ച് വാചാലനാവുകയും ചെയ്തു!


ഇടതുപക്ഷ എം. പി മാര്‍ ഒബാമയുടെ പാര്‍ലമെന്‍റ് പ്രസംഗത്തിനു ഹാജരായത് ചിലരുടെ ശെരിയും മറ്റു ചിലരുടെ തെറ്റുമായിരിക്കാം... പക്ഷെ മിസ്റ്റര്‍ യെച്ചൂരി, താങ്കളാണ്, താങ്കള്‍ തന്നെയാണ് താരം. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറക്കാതെ, പലസ്തീന്‍ജനതയെ കുറിച്ചു നമ്മുടെ നാടിന്‍റെ, ജനങ്ങളുടെ ആശങ്ക പങ്കുവെക്കാന്‍ ധൈര്യം കാണിച്ചുവല്ലോ... ഹാറ്റ്സ് ഓഫ്‌ ടു യു.....

2 comments:

  1. onnu podey ... oru paschimeshia.. ayalkku ivide vannu thanne okke sukhippikkalalle paripadi ...

    ReplyDelete

 

blogger templates | Make Money Online