Wednesday, October 27, 2010

ചീരുത്തള്ളയുടെ ഉറച്ച വോട്ട്

തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ - 1

ഒരു കുന്നിന്‍ മുകളിലായിരുന്നു ചീരുത്തള്ളയുടെ വീട്. അടുത്തെങ്ങും വേറെ വീടുകളില്ലാത്തതിനാല്‍ ചീരുത്തള്ളയെ വോട്ടു ചെയ്യിക്കാന്‍ സാധാരണയായി ആരും വരാറില്ലായിരുന്നു. പ്രായം ഒത്തിരിയായ തിനാല്‍ ഒറ്റയ്ക്ക് പോകാന്‍ ചീരുത്തള്ളക്കും വയ്യ.
എന്നാല്‍ ആ വര്‍ഷത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചീരുത്തള്ളയെത്തേടി ലീഗുകാരെത്തി. ശക്തമായ മത്സരമാണ്. ഓരോ വോട്ടും വിലപ്പെട്ടത്. മരണക്കിട ക്കയില്‍ കിടക്കുന്നവരെപ്പോലും ഒരു പാര്‍ട്ടിയും വെറുതെ വിട്ടില്ല.
കാലത്ത് തന്നെ ചീരുത്തള്ളയെത്തേടി നാസറും മജീദും ചെന്നു. ഒന്നൊന്നര മണിക്കൂര്‍ വേണ്ടി വന്നു ചീരുത്തള്ളയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍‍. കസേരയിലിരുത്തി കുന്നിറക്കി, ജീപ്പില്‍ ബൂത്തിലെത്തിച്ചു. വോട്ടു ചെയ്യേണ്ട രീതിയെ ക്കുറിച്ചും ചിഹ്നത്തെക്കുറിച്ചും നാസര്‍ ജീപ്പിലിരുന്നു ചീരുത്തള്ള യോടു പ്രസംഗിച്ചു. വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ ഇട്ടേച്ചുപോയ കെട്ടിയോനെയും കല്യാണത്തിനുശേഷം തിരിഞ്ഞുനോക്കാത്ത മകനെപ്പറ്റിയും പരിതപിച്ചുകൊണ്ടിരുന്ന ചീരുവമ്മ പക്ഷെ അതൊന്നും കേട്ടില്ല. എന്നാലും കോണിക്ക് കുത്താമെന്നു അവര്‍ നാസറിന് ഉറപ്പു കൊടുത്തു.
ജീപ്പില്‍നിന്നും ചീരുത്തള്ളയെ ലീഗുകാര്‍ താങ്ങി ബൂത്തിലെത്തിച്ചു. തള്ളക്കു കണ്ണിനു കാഴ്ച കുറവാണെന്നും അതിനാല്‍ ഓപ്പണ്‍ വോട്ടു ചെയ്യിക്കാമെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു. തനിക്കു കാഴ്ചയില്ലെന്ന കമന്റ് കേട്ട ചീരുത്തള്ളയുടെ സ്വഭാവം മാറി. "ഫ്ഭ!" തന്‍റെ തന്ത കൊമ്പന്‍ സൈതലവിക്കാടാ കണ്ണ് കാണാത്തത്." ഒരൊറ്റ ആട്ട്, ജാഫറിനു നേരെ. "
"തിരഞ്ഞെടുപ്പായിപ്പോയി. അല്ലെങ്കില്‍ തള്ളയെ ഞാന്‍ ചവിട്ടിക്കൂട്ടിയേനെ..." കൊമ്പന്‍ പിറുപിറുത്തുകൊണ്ട് പതിയെ വലിഞ്ഞു. കരിക്കട്ട പോലുള്ള കൊമ്പന്‍ ജാഫറിനെ തിരിച്ചറിഞ്ഞെങ്കില്‍ തള്ളയുടെ കണ്ണിനു ഭയങ്കര മൂര്‍ച്ച തന്നെ, നാസര്‍ മനസ്സില്‍ കരുതി. സ്ലിപ്പും കൊടുത്തു അവരെ ബൂത്തിലേക്ക് വിട്ടു അവന്‍ പുറത്തിറങ്ങി.
"അത് ഉറച്ച വോട്ടാ... ഞമ്മള് പറഞ്ഞാല്‍ പിന്നെ തള്ള മാറ്റിക്കുത്തില്ല." ഒരു വോട്ടു കൂടി ഉറപ്പിച്ച അഹങ്കാരത്തില്‍ നാസര്‍ നെഞ്ച് ഒന്നുകൂടെ വിരിച്ചു.
വോട്ടു ചെയ്തു പുറത്തേക്ക് വരുന്ന ചീരുത്തള്ളയെക്കണ്ടപ്പോള്‍ നാസര്‍ മജീദിനെ വിളിച്ചു. "മജീദേ, കാറെടുക്ക്."
ചീരുവമ്മയുടെ കൈയും പിടിച്ചു കാറിലേക്ക് നടക്കുന്നതിനിടയില്‍ നാസര്‍ ചോദിച്ചു. "കോണിക്കന്നെല്ലെ മ്മച്യെ കുത്ത്യെ?"
"ഒന്നും പറേണ്ടന്‍റെ കുട്ട്യേ... കോണ്യോക്കെകൂടെ ചെരിഞ്ഞാ കെടക്കണെ... ഇന്നാലും ചീരു അയിനെന്നെ കുത്ത്യെ.." ചെരിഞ്ഞ കോണിയോ??? നാസറി നൊന്നും മനസ്സിലായില്ല.
"ചതിച്ചല്ലോ പടച്ചോനെ....." കൊമ്പന്‍ ജാഫര്‍ തലയില്‍ കൈ വെച്ചു. "കണ്ണ് കാണാതെ ഈ തള്ള തോണിക്കാണല്ലോ കുത്തിയത്."
ഠിം!!! നാസറിന് തലയില്‍ കൂടം കൊണ്ട് ഇടികിട്ടിയതുപോലായി. തന്‍റെ കയ്യിലിരുന്ന ചീരുത്തള്ളയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടായി രുന്നു അവന്. ഒന്നും മിണ്ടാതെ അവരെ കാറിലേക്കിട്ടു അവന്‍ മെല്ലെ സ്കൂട്ടായി.

(ത്രികോണ മത്സരം നടക്കുന്ന വാര്‍ഡില്‍ ലീഗും ഇടതുപക്ഷവുമായിരുന്നു പ്രധാന മത്സരം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ലീഗ് വിമതന്‍റെ ചിഹ്നമായിരുന്നു തോണി.)

1 comment:

  1. തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍.... ഇലക്ഷന്‍ പ്രചാരണം തുടങ്ങിയ അന്നുമുതല്‍ എഴുതണമെന്നു കരുതിയതാ... കുറെ നാളായി ഡ്രാ ഫ് റ്റ് സില്‍ കിടക്കാന്‍ തുടങ്ങിയിട്ട്... എഴുതി മുഴുമിക്കാന്‍ സമയം കിട്ടിയില്ല... റിസള്‍ട്ട്‌ വന്നു... ഇനിയും കാത്തിരുന്നാല്‍ കെട്ടു പോകും എന്നതിനാല്‍ അതികം മിനുക്കാന്‍ നില്‍ക്കാതെ പോസ്റ്റ്‌ ചെയ്യുന്നു.....

    ReplyDelete

 

blogger templates | Make Money Online