Wednesday, April 27, 2011

അബ്ദുല്‍ ബായിസ് എന്ന ആണ്‍കുട്ടി

അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചും, ഹര്‍ത്താലുകളും പ്രകടനങ്ങളും ടേബിള്‍ ടോക്കുകളും കാമ്പയിനുകളും നടത്തിയും കാലമേറെ കളഞ്ഞവരാണ് നമ്മള്‍. എന്നിട്ടും ആ അര്‍ബുദം വളര്‍ന്നു കൊണ്ടേയിരുന്നു. അവസാനം അണ്ണാ ഹസാരെ എന്ന വയോവൃദ്ധന്‍റെ ഗാന്ധിയന്‍ സമരമുറകള്‍ തന്നെ വേണ്ടിവന്നു; അധികാരി വര്‍ഗ്ഗത്തിന്‍റെ കണ്ണൊന്നു തുറപ്പിക്കാന്‍!!!

അണ്ണാ ഹസാരെയെപ്പോലെ, ഭരണകൂട നിഷ്ക്രിയത്വത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനാവുകയാണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ പി. അബ്ദുല്‍ ബായിസ് എന്ന കോളേജ് വിദ്യാര്‍ഥി. രാഷ്ട്രീയ നേതാക്കളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ഒരു ദിവസത്തെ പ്രതീകാത്മക നിരാഹാര സമരെത്തെക്കാളും ഞാന്‍ വിലമതിക്കുന്നത് അബ്ദുല്‍ ബായിസിന്‍റെ  ഇച്ചാശക്തിയെയാണ്. അബ്ദുല്‍ ബായിസ്, ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ തോന്നാത്ത, അഥവാ കഴിയാത്ത ഒന്നാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്... അഭിവാദ്യങ്ങള്‍.....

മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍  നിരോധിക്കണമെന്നാവശ്യപ്പെട്ടു രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധസമരങ്ങള്‍ക്കിടയില്‍, കാസര്‍കോട്ടെ ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് കഴിഞ്ഞ ഞായറാഴ്ച (ഏപ്രില്‍ 24 ന്) ബായിസ് സമരം തുടങ്ങിയത്. സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ അവസാനിക്കുന്ന ഏപ്രില്‍ 29 വരെ സമരം തുടരാനായിരുന്നു പരിപാടി.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ബായിസിനെ പോലീസ് ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയും ബായിസ് നിരാഹാരം തുടര്‍ന്നു. വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് ഈ 'ജൂനിയര്‍ ഹസാരെ'ക്ക് പിന്തുണയുമായി മലപ്പുറം കളക്ട്രേറ്റിനു മുന്നിലുള്ള സമരപന്തലിലെത്തിയത്. ബുധനാഴ്ച മുതല്‍ ബായിസിന്‍റെ ആരോഗ്യസ്ഥിതി വഷളായാതിനെത്തുടര്‍ന്നു നിരാഹാര സമരം സുഹൃത്തുക്കളായ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

കല്‍പ്പറ്റ ഗവ. കോളേജില്‍ ഒന്നാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍   ബിരുദവിദ്യാര്‍ഥിയായ ബായിസ് വാര്‍ത്തയില്‍ ഇടം പിടിക്കുന്നത് ഇതാദ്യമായല്ല. പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ സ്വന്തമായി 'സത്യപഥം' എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചു കൊണ്ടാണ് ഈ കുട്ടിപത്രാധിപര്‍ അന്ന് 'ആക്ടിവിസം' തുടങ്ങിയത്.

2009 നവംബറില്‍ മലപ്പുറം പ്രസ്‌ ക്ലബ്ബില്‍ വെച്ചു പുറത്തിറക്കിയ ആ പത്രത്തിന് അധികം ആയുസ്സുണ്ടാവുമെന്നാരും കരുതിയിരുന്നില്ല... പ്രാദേശിക വാര്‍ത്തകളും സംഭവ വികാസങ്ങളും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സത്യപഥം ഇതു വരെ 18 ലക്കങ്ങള്‍ ഇറക്കാനും ബായിസിനു കഴിഞ്ഞു.

ബായിസ് ഒരു പ്രതീകമാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാത്ത, മുട്ടാപ്പോക്ക് കാരണങ്ങള്‍ പറഞ്ഞ്, എന്തിലും ഏതിലും രാഷ്ട്രീയം കാണുന്ന അല്ലെങ്കില്‍ കലര്‍ത്തുന്ന, നട്ടെല്ലില്ലാത്ത രാഷ്ട്രീയ ഷണ്ഡത്വത്തിനെതിരായ സമാധാനപരമായ ഒരു പ്രതിഷേധത്തിന്‍റെ  പ്രതീകം....

Wednesday, January 12, 2011

ചില രക്തദാന കഥകള്‍

അങ്ങിനെ രണ്ടാമത്തെ ശ്രമവും വിജയിച്ചില്ല. ഒരിക്കലെങ്കിലും രക്തദാനം നടത്തണമെന്ന് വലിയൊരാഗ്രഹമായിരുന്നു. അതിനുള്ള അവസരമാണ് ഇന്നലെ നഷ്ടപ്പെട്ടത്. പണ്ട് ചെന്നൈയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരിക്കല്‍ ഈ സാഹസത്തിനു മുതിര്‍ന്നതാണ്. ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മലയാളിയായ യുവാവിനു അടിയന്തിരമായി രക്തം വേണമെന്ന് മലയാളീ സമാജത്തില്‍നിന്നും ഫോണ്‍ വന്നപ്പോള്‍, സുഹൃത്തുക്കളുടെ കൂടെ O+ve കാരനായ ഞാനും പോയി.

ക്രോസ് മാച്ചിംഗ് ടെസ്റ്റിനായി ലാബില്‍ ചെന്നപ്പോള്‍, മലയാളിയായ നഴ്സ് എന്നെയൊരു നോട്ടം. ഞാന്‍ ഒന്നൂടെ ഞെളിഞ്ഞു നിന്നു, ഇതൊക്കെ നിസ്സാരമെന്ന മട്ടില്‍... പക്ഷെ ആ നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാവാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു. എന്നോട് മാറിനില്‍ക്കാന്‍ പറഞ്ഞ  അവള്‍ അടുത്തവനെ വിളിച്ചു. ഞാന്‍ ആകെ തളര്‍ന്നു.. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ അവഗണന. ഒരു കുപ്പി രക്തം പോലും എന്‍റെ ശരീരത്തിലില്ലേ? ഇനി അഥവാ ഇല്ലെങ്കിലും ചുമ്മാ ഒരു ക്രോസ് ടെസ്റ്റ്‌ നടത്തി, മാച്ചിംഗ് അല്ല എന്നോ മറ്റോ പറഞ്ഞു എന്‍റെ മാനം രക്ഷിക്കാമായിരുന്നു ആ രക്ഷസിക്ക്!

രക്തം കൊടുക്കാന്‍ പറ്റാത്തതിലായിരുന്നില്ല എനിക്ക് സങ്കടം. കൂടെയുള്ള ചെറ്റകള്‍ക്ക് ആഘോഷിക്കാന്‍ ഞാന്‍ തന്നെ അവസരം കൊടുത്തല്ലോ. ഏതു നേരത്താണാവോ ഇങ്ങിനെയൊരു ബുദ്ധി തോന്നിയത്....

അതൊക്കെ പഴയ കഥ... ആരോഗ്യസ്ഥിതി ഇപ്പോള്‍ കുറച്ചു കൂടി ഭേദപ്പെട്ടിട്ടുണ്ട്. ഇത്തവണ എന്തായാലും കാര്യം സാധിക്കണം. ഫോണ്‍ വന്ന ഉടനെ പോകാന്‍ തയ്യാറായി. പക്ഷെ സംഗതി വേഗം ഫ്ലാഷായി... കമന്റുകള്‍ക്കൊന്നും ചെവികൊടുക്കാതെ, നേരെ ഹോസ്പിറ്റലിലെത്തി. ഡെലിവറി കേസ് ആണ്. സിസേറിയന്‍ വേണ്ടിവരുമത്രേ... കുട്ടിയുടെ മുത്തച്ഛനെ കണ്ട് നേരെ ലാബിലേക്ക് നടന്നു. സാമ്പിളെടുക്കാന്‍ നഴ്സ് സൂചിയെടുത്തതും, കുട്ടിയുടെ അച്ഛന്‍ ഓടിവന്നു പറഞ്ഞു. "ഇനി വേണ്ട.. പ്രസവം കഴിഞ്ഞു... സുഖ പ്രസവമായിരുന്നു..."

ഒരുമാതിരി വിളിച്ചുണര്‍ത്തി അത്താഴമില്ല എന്ന് പറയുന്നപോലുള്ള ഒരു ഏര്‍പ്പാടായിപ്പോയി. എന്നാലും സാരമില്ല... ഒരു സിസേറിയന്‍ ഇല്ലാതെ തന്നെ കാര്യം സാധിച്ചല്ലോ. പക്ഷെ തിരിച്ചു നാട്ടിലെത്തിയപ്പോഴെക്കും സംഗതി പാട്ടായിരുന്നു. എന്‍റെ രക്തമാണ് സ്വീകരിക്കേണ്ടിവരിക എന്നറിഞ്ഞ പെണ്‍കുട്ടി പേടിച്ചു പ്രസവിച്ചതാണെന്നായിരുന്നു എന്‍റെ കൂടെ വന്ന സുഹൃത്ത് പ്രചരിപ്പിച്ചത്.

ഇതിലും വലുതൊന്നും സംഭാവിച്ചില്ലല്ലോ എന്ന് കരുതി ഞാന്‍ സമാധാനിച്ചു. രക്തദാനവുമായി ബന്ധപ്പെട്ടു എത്രയെത്ര കഥകളാണ് നാട്ടില്‍ പ്രചരിച്ചിരിക്കുന്നത്. ഗോപിയുടെ കഥ തന്നെ ഉദാഹരണം. സുഹൃത്തിന്‍റെ മകള്‍ക്ക് രക്തം കൊടുക്കാന്‍ ആശുപത്രിയിലെത്തിയ ഗോപിയുടെ ഇന്ദ്രന്‍സിനെപ്പോലുള്ള ശരീരം കണ്ടപ്പോഴേ സിസ്റ്റര്‍ സംശയം പ്രകടിപ്പിച്ചതാണ്. വിശേഷ ഗ്രൂപ്പായതിനാല്‍, വേറെ കിട്ടാന്‍ നിവൃത്തിയില്ല. വയറു നിറയെ മുന്തിരി ജ്യൂസും കുടിപ്പിച്ചു, ബലിക്കാളയെ ഒരുക്കുന്നപോലെ എല്ലാവരും ചേര്‍ന്ന്, ഗോപിയെ റെഡിയാക്കിക്കിടത്തി ഉള്ള രക്തം ഊറ്റിയെടുത്തു; ഒരു യൂണിറ്റ്.

അല്‍പ നേരത്തിനു ശേഷം പോകാന്‍ എഴുന്നേറ്റ ഗോപിയോട് സിസ്റ്റര്‍ പറഞ്ഞു. "ക്ഷീണമുണ്ടെങ്കില്‍ അല്‍പനേരം കൂടി കിടന്നോളൂ."  തനിക്കൊന്നുമില്ലെന്നു അവളെയും തന്‍റെ സുഹൃത്തുക്കളെയും അറിയിക്കാന്‍ ഗോപി കൈകള്‍ രണ്ടും മുകളിലോട്ടുയര്‍ത്തി, ശരീരം പിന്നോട്ട് വളച്ചു, ഒന്നു മൂരി നിവര്‍ന്നുകൊണ്ട് പറഞ്ഞു, "ഹേയ്, ഇതൊക്കെ എന്ത്?". പറഞ്ഞു തീര്‍ന്നതും, ഗോപി പിന്നോട്ട് മറിഞ്ഞു വീണു, വെട്ടിയിട്ട വാഴത്തടിപോലെ... നാല് കുപ്പി ഗ്ലൂക്കോസ്, രണ്ടു ഇഞ്ചക്ഷന്‍, പിന്നെ ഗുളികകളും എല്ലാം കൂടെ ഒരു ദിവസത്തെ ആശുപത്രി ചെലവ് 800 രൂപ.

പൊതുവേ രക്തം കണ്ടാല്‍ തല കറങ്ങുന്നവനാണ് ജാഫര്‍. ചെറിയ റോഡപകടമോ മറ്റോ മതി, അവന് ബോധം പോകാന്‍. ഗത്യന്തരമില്ലാതെ ഒരിക്കല്‍ സഹോദരിക്ക് രക്തം നല്‍കേണ്ടി വന്നു. മനസ്സില്‍ പേടി തോന്നിയെങ്കിലും കണ്ണും പൂട്ടിയങ്ങു കിടന്നു കൊടുത്തു. എല്ലാം കഴിഞ്ഞു എഴുന്നേറ്റിരുന്നപ്പോള്‍ കണ്ടത് മുന്‍പിലിരുന്ന ബ്ലഡ്‌ ബാഗ്.... ഡിം... ഉടനെ പോയി ബോധം... പൊത്തോന്ന് താഴെ വീണു. വേഗം കട്ടിലില്‍ കിടത്തി ഡോക്ടറെ വിളിച്ചു. എടുത്ത രക്തം ഉടനെ തിരിച്ചു കയറ്റി. അതിനുപുറമെ ഒരു കുപ്പി കൂടി വേണ്ടി വന്നു, ജാഫറിനു ബോധം തിരിച്ചു കിട്ടാന്‍!!!

Tuesday, January 4, 2011

അയ്യോ അയ്യോ അതിനല്ല!!!

കോളേജിലെ ബ്യൂട്ടി ക്വീന്‍ ആയിരുന്നു രശ്മി . സുന്ദരി... പയ്യന്‍സിന്‍റെ ഹരം.... പക്ഷെ അവള്‍ക്കു പറ്റിയ അബദ്ധങ്ങള്‍ക്കും മണ്ടത്തരങ്ങള്‍ക്കും ഒരതിരില്ല. ഇനി അബദ്ധത്തില്‍ വല്ല മണ്ടത്തരവും വിളിച്ചു കൂവിയാല്‍ത്തന്നെ, വീണത്‌ വിദ്യയാക്കാനോ അഡ്ജസ്റ്റ് ചെയ്യാനോ ഒന്നും അവള്‍ക്കറിയില്ല. വിരലുകടിച്ചും, അലമുറയിട്ടും, മൂക്ക് പിഴിഞ്ഞും അവള്‍ തന്നെ എല്ലാരെയും അറിയിച്ച് നാണം കെടും.

കോളേജ് ഡേ നടക്കുന്ന സമയം. തിരുവാതിര മത്സരത്തില്‍ പങ്കെടുക്കുന്നവരെ സഹായിക്കാന്‍ വേദിക്ക് പിറകിലെത്തിയതായിരുന്നു രശ്മി . അപ്പോഴാണ്‌ സെക്കന്‍റ് ‌ ഇയര്‍ ഇംഗ്ലീഷിലെ വിനോദ് നാടകത്തില്‍ പങ്കെടുക്കേണ്ട മൈക്രോബയോളജിയിലെ സമീറയെത്തേടി സ്റ്റേജിലെത്തിയത്. ഒരു അനൌണ്സ്മെന്‍റ് തയ്യാറാക്കി കോളേജ് ചെയര്‍മാന്‍ രശ്മിയെ ഏല്പിച്ചു. "അടുത്ത പരിപാടി തുടങ്ങുന്നതിനു മുന്‍പ് നീ ഇതൊന്നു അന്നൌന്‍സ് ചെയ്യ്‌."

രശ്മി  മൈക്ക് കയ്യിലെടുത്ത്, തെല്ലൊരു വിറയലോടെ ഇത്രയും പറഞ്ഞൊപ്പിച്ചു. "സെക്കന്‍റ്‌ മൈക്രോബയോളജിയിലെ സമീറ എത്രയും പെട്ടന്ന് തന്നെ ഡ്രസിംഗ് റൂമില്‍ കാത്തുനില്‍ക്കുന്ന വിനോദുമായി ബന്ധപ്പെടെണ്ടതാണ്."

കൂവാനും കമന്‍റടിക്കാനും അവസരം കാത്തിരുന്നവര്‍ക്ക് കിട്ടിയ എല്ലിന്‍ കഷ്ണമായി 'ബന്ധപ്പെടുക' എന്ന വാക്ക്, പോരാത്തതിന് അന്നൌന്‍സ് ചെയ്തത് ഒരു പെണ്‍കുട്ടിയും! ആകെ ആര്‍പ്പു വിളിയും ബഹളവും കമന്‍റടിയും.....

സ്വതവേ ട്യൂബ് ലൈറ്റായ രശ്മിക്ക്‌ പെട്ടന്നൊന്നും മനസ്സിലായില്ല. താന്‍ പറഞ്ഞതില്‍ വല്ലതും തെറ്റിപ്പോയോ എന്നറിയാന്‍ അവള്‍ ചുറ്റും നോക്കി. ചിരിച്ചതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. പെട്ടന്നാണ് അവളുടെ തലയില്‍ ബലൂണ്‍ പൊട്ടിയത്. കൂവലിന്‍റെ  കാരണം പിടികിട്ടിയതും അവള്‍ വിളിച്ചു പറഞ്ഞു, പാതി കരച്ചിലോടെ... " അയ്യോ അയ്യോ അതിനല്ല!!!..."

Friday, December 31, 2010

ഹാപ്പി ന്യൂസ്‌ ഇയര്‍


ഈ പുതുവര്‍ഷമെങ്കിലും നമുക്ക് നല്ല വാര്‍ത്തകള്‍ സമ്മാനിക്കട്ടെ!!!
ഹാപ്പി ന്യൂസ് ഇയര്‍

Tuesday, December 21, 2010

ബി. പി. എല്‍. പാന്‍റുകാര്‍ ജാഗ്രതൈ!

ലോ വെയിസ്റ്റ് ജീന്‍സ് ധരിക്കുന്ന ട്രെന്‍ഡീസ്, ചാവക്കാട് ബസ്സിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക! നിങ്ങളുടെയൊക്കെ അരക്ക് ചുറ്റും പോലീസുകാര്‍ ഒരു വര വരച്ചിരിക്കുന്നു... ഒരു സാങ്കല്പിക രേഖ... ഡീസന്‍സി ലൈന്‍ അഥവാ ഒരു തരം  ബി. പി. എല്‍.  അതുകൊണ്ട് നിങ്ങളുടെ അതിര്‍ത്തികള്‍ നിങ്ങള്‍ തന്നെ കാക്കുക. ബസ്സിറങ്ങിയതും ഒരു മുഴം  ചണനൂല്‍ വാങ്ങി ഊരാന്‍ പാകത്തില്‍ നില്‍ക്കുന്ന ആ പാന്‍റ് ഒന്നു പൊക്കിക്കെട്ടുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ പോലീസുമാമനെ കാണാതെ ഒളിച്ചു നടക്കുക. ഇനി കണ്ടാലെന്താ?? അവന്മാര്‍ വല്ലതും  ചെത്തിക്കളയുമോ എന്നൊക്കെ ചോദിച്ചാല്‍; ചിലപ്പോള്‍ ചെത്തിയേക്കാം, അല്ലെങ്കില്‍ ചന്തിക്കിട്ട് നാല് പെട കിട്ടാം... ഇനി ഇതു രണ്ടുമില്ലേലും നൂറു രൂപ പിഴ ഉറപ്പാ!!!

സംസ്ഥാനത്താദ്യമായി ബി. പി. എല്ലിനു താഴെ കാല്‍സറായി ധരിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ ചാവക്കാട് പോലീസ് തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ മധ്യത്തിനുശേഷം ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ സഭ്യതക്ക് നിരക്കാത്ത രീതിയില്‍ പാന്‍റ്സ് ധരിച്ച നൂറോളം പേരെ പിടികൂടി നൂറു രൂപ ഫൈന്‍ ഈടാക്കിയിരിക്കുകയാണ് 'ബി. പി. എല്‍. വേട്ട ടീം'.

ബസ്സുകളിലും പൊതുസ്ഥലങ്ങളിലുമുള്ള 'ചന്തിപ്രകടന'ത്തിനെതിരായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍‍, സാമൂഹ്യ സംഘടനകള്‍, സ്ത്രീ സമൂഹം എന്നിവരില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള പരാതികളുടെ ഫലമാണത്രേ പുതിയ നടപടി. 'സഭ്യത ലൈനിന്' താഴെ പാന്‍റുടുത്തവരെ കണ്ടാല്‍ ഒന്നോ രണ്ടോ തവണ ഉപദേശം, പിന്നെ ഫൈനടി എന്നതാണത്രേ നയം.

എന്തായാലും ട്രെന്‍റികള്‍ക്കെതിരെ ഫൈന്‍ ചുമത്താനുള്ള നടപടി പൊതുസ്ഥലങ്ങളില്‍ അച്ചടക്കം ഉറപ്പുവരുത്താനുള്ള ശ്രമം മാത്രമാണെന്നും മറിച്ച് വ്യക്തി സ്വാതന്ത്രതിനെതിരായ കൈകടത്തലല്ലെന്നും അധികാരികള്‍ വ്യക്തമാക്കുന്നു.

എന്തായാലും സംഗതി കലക്കി. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ ബി. പി. എല്‍ കാര്‍ക്ക് കൂടെ ഇതു ബാധകമാക്കിയിരുന്നെങ്കില്‍ നന്നായേനെ. ഇപ്പൊ ഊരിപ്പോകും എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പലരുടെയും കളസം കണ്ടാല്‍ ഒന്നു കൊടുക്കാന്‍ (ഐ മീന്‍, കയറ്റിക്കൊടുക്കാന്‍) ആര്‍ക്കും തോന്നും.

അല്ലെങ്കില്‍ എന്താണ് ഈ കോപ്രായത്തിനു പിന്നിലെ ചേതോവികാരം? ഉള്ളിലുള്ള വി ഐ. പി. മാലോകരെ കാണിക്കാനാണെങ്കില്‍ പിന്നെ അത് മാത്രം പോരെ? ഇതിനെക്കാള്‍ കഷ്ടമാണ് മറ്റു ചിലരുടെ കാര്യം. കാലാവധി കഴിഞ്ഞ എയര്‍കണ്ടീഷണ്‍ഡ് അണ്ടര്‍ വെയര്‍ ആയിരിക്കും മിക്കപ്പോഴു പുറത്തു കാണുക; അല്ലെങ്കില്‍ സര്‍വസ്വതന്ത്രമായ 'മറിയാന ട്രെഞ്ച്'. അപ്രതീക്ഷിതമായി ഇത്തരം കാഴ്ചകള്‍ കണ്ടു നിലവിളിക്കുന്ന പെണ്‍കുട്ടികള്‍ പാര്‍ക്കുകളിലെയും തീയറ്ററുകളിളെയും സ്ഥിരം കാഴ്ചയാണ്.

നഗരത്തിലെ ഒരു തീയെറ്ററില്‍ ഇതുപോലെ പിറകിലെ സീറ്റിലെ തരുണീമണികളെ മിച്ചഭൂമിയും കാണിച്ചു ആസ്വദിച്ചുകൊണ്ടിരുന്ന ഒരു ഞരമ്പിന്‍റെ മറിയാന ട്രെഞ്ചില്‍ തരുണികളുടെ കൂടെയുണ്ടായിരുന്ന ഒരുത്തന്‍ ഒരു ഐസ് കഷ്ണമിട്ടു. തെറി വിളിക്കാന്‍ നാക്ക് തരിച്ച അവന്‍ തിരിഞ്ഞെങ്കിലും പെണ്‍കൊടികളെക്കണ്ടതും മാനത്തെയോര്‍ത്തു പിന്‍വലിഞ്ഞു.

എന്തായാലും എല്ലാവരും പാന്‍റുകളെല്ലാം ആള്‍ട്ടര്‍ ചെയ്യാന്‍ കൊടുത്തേക്കുക‌. ലോ വെയിസ്റ്റല്ലെങ്കിലും ബെല്‍റ്റ്‌ കെട്ടാന്‍ മറന്നാലും ദാരിദ്ര്യരേഖക്ക് താഴെപ്പോകരുതല്ലോ!!!

Thursday, November 11, 2010

മിസ്റ്റര്‍ യെച്ചൂരി, താങ്കള്‍ തന്നെയാണ് താരം!!!

ഭീകരതയെ വെല്ലുവിളിച്ച് താജില്‍ താമസം, പൊണ്ടാട്ടിക്കൊപ്പം ചേരി പിള്ളാരുമായി പാട്ട്, ഡാന്‍സ് പിന്നെ സാറ്റ് കളി... എന്തൊക്കെയായിരുന്നു സര്‍ക്കസുകള്‍! ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിനെക്കണ്ട നിര്‍വൃതിയില്‍, കുതിര പ്പടയെയും ഒട്ടകപ്പടയെയും കണ്ട് വാപൊളിച്ച്, നാനോ കണ്ട് സംപ്രീതനായി, പിന്നെ പ്രസംഗിച്ച് ആളെക്കുപ്പിയിലാക്കി, ഇന്ത്യയെ പൊക്കിയടിച്ച്, കോടിക്കണക്കിനു രൂപയുടെ കച്ചവടക്കരാറും സ്വന്തമാക്കി അങ്ങേരങ്ങു പറന്നു, അടുത്ത സ്വീകരണ സ്ഥലമായ ജക്കാര്‍ത്തയിലേക്ക്!!!


പ്രസംഗിച്ച് പ്രസംഗിച്ച് വൈറ്റ് ഹൌസില്‍ എത്തിയ ആളാണ്‌ മിസ്റ്റര്‍ ബാരക് ഹുസൈന്‍ ഒബാമ. വാക്കുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു ഒന്നാം നമ്പര്‍ വാഗ്മി, തന്‍റെ വാക്ചാതുര്യം കൊണ്ട് ഇന്ത്യയും കുളിപ്പിച്ച് കിടത്തി എന്ന് ചുരുക്കം.


നമ്മുടെയൊക്കെ വീട്ടില്‍ ഇന്‍സ്റ്റോള്‍മെന്‍റിന്‌ സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്ന കച്ചവടക്കാരനും ഇതു തന്നെയാണ് ചെയ്തിരുന്നത്. വീട്ടുകാരെ പൊക്കിയടിച്ച്, വീടിന്‍റെ വലിപ്പത്തിലും എടുപ്പിലും സൌകര്യങ്ങളിലും അത്ഭുതം കൂറി, കൊച്ചുകുട്ടികളുടെ താടി പിടിച്ചു കൊഞ്ചിച്ച്, പിന്നെ അമ്മയെ ചൂണ്ടി ആരാ ചേട്ടത്തിയാണോ എന്നൊരു നമ്പരുമിട്ടാല്‍ പിന്നെ അവിടെ എന്തും വില്‍ക്കാം!!!


ഒരു ഡോര്‍ ടു ഡോര്‍ സെയില്‍സ്മാനെ വെല്ലുന്ന പ്രകടനമാണ് ഒബാമ ഇവിടെ കാഴ്ചവെച്ചത്. നമുക്കാവശ്യമുള്ളതും ഇല്ലാത്തതും നമ്മെക്കൊണ്ട് വാങ്ങിപ്പിച്ചു. ഇന്ത്യ യു. എസ്. വാണിജ്യബന്ധം ശക്തിപ്പെടുത്താന്‍ 4400 കോടി രൂപയുടെ വ്യാപാരക്കരാര്‍ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതു മൂലം അമേരിക്കയില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ട്ടി ക്കാനാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒബാമയുടെ ഇന്ത്യന്‍ പര്യടനം അമേരിക്കന്‍ സമ്പത്ത്‌ വ്യവസ്ഥ ഉറ്റു നോക്കിക്കൊണ്ടിരുന്നതും ഇത്തരത്തിലുള്ള നടപടികള്‍ക്കായിരുന്നു. അതല്ലാതെ, കോടികള്‍ മുടക്കി തങ്ങളുടെ പ്രസിഡണ്ടിനെ അവര്‍ ഇന്ത്യയിലെക്കയച്ചത് ചുമ്മാ പാട്ടും പാടി, കുട്ടിയും കോലും കളിക്കാനായിരുന്നില്ല എന്നുറപ്പാണ്.


വന്ന സ്ഥിതിക്ക് ഇന്ത്യക്ക് ചില പ്രതീക്ഷകള്‍ നല്‍കാനും അണ്ണന്‍ മറന്നില്ല. ഔട്ട്‌ സോഴ്സിംഗ് ഇന്‍ഡസ്ട്രിക്ക് ആപ്പടിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ടെങ്കിലും യു. എന്നില്‍ സ്ഥിരാംഗത്വം ലഭിക്കാന്‍ സഹായിക്കാമെന്നു ഏറ്റിട്ടുണ്ട്, ചില നിബന്ധനകളോടെയാണെങ്കിലും.  പിന്നെ പാക്കിസ്ഥാനെപറ്റി ചിലത് പറയാതെ പറഞ്ഞും, ഇലക്കും മുള്ളിനും കേടില്ലാതെ മിസ്റ്റര്‍ സ്കൂട്ടായി...


പക്ഷെ മിസ്റ്റര്‍ പ്രസിഡന്‍റ്‌, നിങ്ങള്‍ ഞങ്ങളെ നിരാശപ്പെടുത്തി. പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നത് സ്വപ്നം കണ്ടിരുന്നവരാണ് ഞങ്ങള്‍. നിങ്ങളുടെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളില്‍ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. ഒന്നരവര്‍ഷം മുമ്പ്, വൈറ്റ് ഹൌസിന്‍റെ സാരഥ്യം ഏറ്റെടുത്തയുടനെ അങ്ങ് ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ മുന്‍ സെനറ്റര്‍ ജോര്‍ജ് മിച്ചലിനെ പ്രത്യേക ദൂതനായി നിയമിച്ചപ്പോള്‍ താങ്കളുടെ
ഇച്ഛാശക്തിയെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.


പക്ഷെ, മൂന്നു ദിവസത്തെ താങ്കളുടെ സംഭവബഹുലമായ ഇന്ത്യാ സന്ദര്‍ശന ത്തില്‍ താങ്കള്‍ പലസതീനെപറ്റി ഒരു വാക്കുപോലും മിണ്ടാതിരുന്നത് ക്രൂരമായിപ്പോയി.


പ്രശ്നം കുറച്ച് സങ്കീര്‍ണ്ണമാണെന്നത് ഞങ്ങള്‍ക്കറിയാം. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒറ്റക്ക് പരിഹാരം കാണാന്‍ അമേരിക്കക്ക് സാധിക്കില്ലെന്ന് താങ്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. 2009 ലെ യു. എന്‍. പൊതുസഭയില്‍ താങ്കള്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ ഓര്‍ക്കുക. ഇറാന്‍, വടക്കന്‍ കൊറിയ ആണവ പ്രശ്നങ്ങള്‍, അഫ്ഘാന്‍ യുദ്ധം, പലസ്തീന്‍ പ്രശ്നം തുടങ്ങിയവ യെല്ലാം പരിഹരിക്കുന്നത് യു. എസിന്‍റെ മാത്രം ഉത്തരവാദിത്വമല്ലെന്നാണ് അന്ന് നിങ്ങള്‍ പറഞ്ഞത്.


അങ്ങിനെയെങ്കില്‍ താങ്കളുടെ സന്ദര്‍ശനവേളയില്‍ അതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ എന്തുകൊണ്ട് നിങ്ങള്‍ ശ്രമിച്ചില്ല? പ്രസംഗങ്ങളില്‍ പോലും താങ്കള്‍ എന്തുകൊണ്ട് അതെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല? ആങ്ങ് സാന്‍ സൂക്കിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട താങ്കള്‍ പലസ്തീനിലെയും ഇറാഖിലെയും ജനങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മൌനം പാലിച്ചതെന്ത്?  ഇവിടെവച്ച് പലസ്തീനെപ്പറ്റി അങ്ങയെ ഓര്‍മിപ്പിക്കാന്‍ ഒരു യെച്ചൂരി വേണ്ടിവന്നെങ്കില്‍, ഇവിടുന്നു പറന്നു ജക്കാര്‍ത്തയില്‍ വിമാനമിറങ്ങിയ ഉടനെ അങ്ങ് പശ്ചിമേഷ്യന്‍ സമാധാനത്തെ ക്കുറിച്ച് വാചാലനാവുകയും ചെയ്തു!


ഇടതുപക്ഷ എം. പി മാര്‍ ഒബാമയുടെ പാര്‍ലമെന്‍റ് പ്രസംഗത്തിനു ഹാജരായത് ചിലരുടെ ശെരിയും മറ്റു ചിലരുടെ തെറ്റുമായിരിക്കാം... പക്ഷെ മിസ്റ്റര്‍ യെച്ചൂരി, താങ്കളാണ്, താങ്കള്‍ തന്നെയാണ് താരം. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറക്കാതെ, പലസ്തീന്‍ജനതയെ കുറിച്ചു നമ്മുടെ നാടിന്‍റെ, ജനങ്ങളുടെ ആശങ്ക പങ്കുവെക്കാന്‍ ധൈര്യം കാണിച്ചുവല്ലോ... ഹാറ്റ്സ് ഓഫ്‌ ടു യു.....

Wednesday, November 3, 2010

വേണ്ടത് ജനകീയ മുന്നണിയല്ല, ജനകീയ സ്ഥാനാര്‍ഥി!

ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരം ഒന്നു തന്നെയാണെങ്കിലും ഒന്നുകൂടെ ഗുണിച്ചും ഹരിച്ചും നോക്കുന്നതല്ലേ നല്ലത്?? ഇതൊരു സിനിമാ ഡയലോഗ് ആണെങ്കിലും ഇന്ന് ജമാഅത്ത് പ്രസ്ഥാനം ഈ ഡയലോഗിനു പുറകെയാണ്... പുതിയ വികസന അജണ്ടകളുമായി രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ ജനപക്ഷ മുന്നണിയെ ജനം തിരസ്കരിച്ചെ ങ്കില്‍ അതിന്‍റെ കാരണം അന്വേഷിക്കാതെ കണക്കുകള്‍ നിരത്തി തങ്ങള്‍ ശക്തരാണ് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമി.

ജനം തിരസ്കരിച്ചു എന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ഇനി ആരെ ബോധ്യപ്പെടുത്താനാണീ കണക്കുകള്‍? 'ഇടതു - വലതു മുന്നണികളുടെയും മതസംഘടനകളുടെയും സംഘടിത നീക്കങ്ങളെ അതിജീവിച്ച് രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ ജനകീയ മുന്നണികള്‍ക്ക് ചെറുകക്ഷികളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാനായി' എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. നില മെച്ചപ്പെടുത്തി, ശതമാനം കൂടി, കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ മെച്ചം തുടങ്ങി, വോട്ടെണ്ണലിനു ശേഷം രാഷ്ട്രീയകക്ഷികള്‍ ആവര്‍ത്തിക്കുന്ന സ്ഥിരം പല്ലവികളാണിവ.

ഇന്നത്തെ മാധ്യമം റിപ്പോര്‍ട്ടനുസരിച്ച് പെരിന്തല്‍മണ്ണ നഗരസഭയില്‍ മുന്നണി നേടിയ 52 വോട്ട് സി. പി. എം കോട്ട പിടിച്ചെടുക്കാന്‍ യു. ഡി. എഫിനെ സഹായിച്ചത്രെ? 40 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ലീഗ് സ്വതന്ത്ര വിജയിച്ച വാര്‍ഡില്‍ മുന്നണിയില്ലായിരുന്നെങ്കില്‍ നഗരസഭാ ഭരണം ഇടത് നില നിര്‍ത്തുമായിരുന്നെന്നുവത്രെ! അങ്ങിനെയാണെങ്കില്‍ മുന്നണിയുടെ രംഗപ്രവേശം ആര്‍ക്കാണ് ഗുണം ചെയ്തത്? വര്‍ഷങ്ങളായി യു. ഡി. എഫിനെതിരായി പ്രവര്‍ത്തകരെക്കൊണ്ട് വോട്ടു ചെയ്യിപ്പിച്ച പ്രസ്ഥാനം ഇപ്പൊ അവരെ സഹായിക്കുന്നു. വിവിധ വാര്‍ഡുകളിലെ  മുന്നണി സ്ഥാനാര്‍ഥികള്‍ ജയപരാജയങ്ങള്‍ തീരുമാനിച്ചെന്നവകാശപ്പെടുമ്പോള്‍ തന്നെ ആ വാര്‍ഡുകളില്‍ വര്‍ഗീയ ശക്തികള്‍ ജയിച്ചുകയറുമ്പോള്‍ തോല്‍ക്കുന്നത് മതേതരവിശ്വാസികളാണ്.

അമിതമായ വിജയപ്രതീക്ഷയില്‍ നിന്നുണ്ടായ ഇച്ചാഭംഗം; അതിനു മറയിടാന്‍ ഇത്തരം കണക്കിലെ കളികളുടെ ആവശ്യമില്ല. അല്ലാതെ തന്നെ ഞങ്ങള്‍ വോട്ടര്‍മാര്‍ക്ക് മനസ്സിലാകും. മതരാഷ്ട്രത്തിന്റെ പേര് പറഞ്ഞു ഇന്ത്യയിലെ മതേതര ജനാതിപത്യരീതികളെ അങ്ങേയറ്റം എതിര്‍ക്കുകയും തിരഞ്ഞെടു പ്പുകളില്‍ വളരെ വിചിത്രമായ വോട്ടിംഗ് രീതികള്‍ പിന്തുടരുകയും ചെയ്തിരുന്ന ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപ്രവേശം നടത്തിയപ്പോള്‍ മുഖ്യധാര പാര്‍ട്ടികള്‍ അവര്‍ക്കെതിരെ രംഗത്തെത്തിയത് സ്വാഭാവികം. എന്നാല്‍ മുന്നണി മുന്നോട്ട് വെച്ച ആശയങ്ങളും അജണ്ടകളും ചിലരെയെങ്കിലും സ്വാധീനിച്ചിരുന്നു. പക്ഷെ സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ സമ്മതിദായകരെ  മനസ്സിലാക്കുന്നിടത്ത് വരെ ഗുരുതരമായ പിഴവ് സംഭവിച്ചു.

അഞ്ഞൂറിലധികം വാര്‍ഡുകളില്‍ മത്സരിച്ച മുന്നണി ജയിച്ചത് വെറും ഒന്‍പതു സീറ്റില്‍. പിന്നെയുള്ളത് ഓരോ വാര്‍ഡിലും നേടിയ വോട്ടുകളുടെ കണക്കുകള്‍... അധികവും രണ്ടക്ക സംഖ്യകള്!!! ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ, പ്രതേകിച്ചൊരു ആദര്‍ശവുമില്ലാതെ തമാശക്ക് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി കള്‍ക്ക് പോലും ലഭിച്ചിട്ടുണ്ട് മുപ്പതും നാല്പതും വോട്ടുകള്‍!

കിട്ടിയ വോട്ടിന്‍റെ എണ്ണം തന്നെയാണ് പ്രശനം. 15 വാര്‍ഡില്‍ മത്സരിച്ച മുന്നണിക്ക്‌ ഞങ്ങളുടെ വാര്‍ഡില്‍ ലഭിച്ചത് പത്തും പതിനഞ്ചും  വോട്ടുകള്‍. മുന്നണിയുടെ കണക്കു കൂട്ടലുകള്‍ പിഴച്ചു. ഇരുപതില്‍ താഴെ പ്രസ്ഥാന വോട്ടുകള്‍ മാത്രമുള്ള ഒരു വാര്‍ഡില്‍നിന്നും അവര്‍ മറിയുമെന്നു വിജാരിക്കുന്നത് ഇരുന്നൂറും മുന്നൂറും വോട്ടുകളാണ്. ഇടതു വലതു മുന്നണികള്‍ പോലും പ്രതീക്ഷിക്കാന്‍ ധൈര്യം കാണിക്കാത്ത എണ്ണം!!!

(മുന്നണി സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ടായിരുന്നു ഒരാളുടെ ബ്ലോഗ്‌ പോസ്റ്റ്‌ മെയില്‍ വഴി കിട്ടിയത് തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസമായിരുന്നു. ഒടുക്കത്തെ ആത്മ വിശ്വാസം നിറഞ്ഞ ഒരു പോസ്റ്റ്‌. വിവേകമില്ലാത്ത, വിവരമില്ലാത്ത അടിമകളാണ് വോട്ടര്‍മാര്‍ എന്ന് ദ്യോതിപ്പിക്കുന്ന തലക്കെട്ടും.  നൂറു ശതമാനമില്ലെങ്കിലും തൊണ്ണൂറു ശതമാനവും ഉറപ്പുണ്ടായിരുന്നത്രേ ജയിക്കുമെന്ന്. എന്നിട്ടോ??? 'നിസ്സഹായരും അടിമകളുമായ വോട്ടര്‍മാര്‍' ചതിച്ചു!!! ഫലം വന്ന ഉടനെ വന്നു അടുത്ത പോസ്റ്റ്‌. തോറ്റത് നന്നായി, കൂടുതല്‍ സ്വതന്ത്രയായി എന്ന രീതിയില്‍. തോല്‍വി എന്തുകൊണ്ട് സംഭവിച്ചു എന്ന്‍ പരിശോധിക്കുന്നതിനു പകരം ജയിച്ചവരെ കളിയാക്കുന്നു. തങ്ങള്‍ മാത്രം ബോധവും വിവരവുമുള്ളവര്‍ എന്ന ചിന്ത അഹങ്കാരമാല്ലാതെ മറ്റെന്താണ്? "മുജാഹിദുകള്‍ പലതും പറയുന്നുണ്ട്. അവര്‍ യഥാര്‍ത്ഥ വിശ്വാസികളാണ് എങ്കില്‍, മൂല്യങ്ങള്‍ക്ക് സ്ഥാനം കൊടുക്കാനുള്ള ജമാഹത്തിന്‍റെ ഈ ശ്രമത്തെ അംഗീകരിച്ചേനെ..." ഈ വാക്കുകള്‍ എന്നെ ആകര്‍ഷിച്ചു. ഞാന്‍ ഒരു മുജാഹിദ് അല്ല... എന്നാലും പറയാം... ഞാനും മൂല്യത്തിനു വില കല്‍പ്പിക്കുന്നു. പക്ഷെ ജമാഅത്തിന്‍റെ മൂല്യമാപിനിയുടെ ഗുട്ടന്‍സ് ആണെനിക്ക് മനസ്സിലാകാത്തത്. 'തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം' എന്ന എ. ആറിന്‍റെ ലേഖനം ശ്രദ്ധിക്കുക. "....മങ്കടയില്‍ വീശിയടിച്ച മഞ്ഞളാംകുഴി അലി തരംഗത്തില്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളാകെ അട്ടിമറിഞ്ഞത് എല്ലാ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി. പക്ഷേ  എന്താണീ അലി ഇഫക്ട്? സിനിമാനിര്‍മാതാവും വ്യവസായിയും ബിസിനസുകാരനുമായ അലി ഇടതുമുന്നണിയിലായിരുന്നപ്പോഴും മുന്നണിവിട്ട് വലതുമുന്നണിയുടെ സഹയാത്രികനായപ്പോഴും അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച വിധം എങ്ങനെയെന്ന് ആരും പരിശോധിച്ചുകണ്ടില്ല. അതുപോലെ എല്ലാ ജില്ലകളിലെയും പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും ചേരിപ്രദേശങ്ങളിലും പോളിങ്ങിന്റെ തലേ രാത്രി നടന്ന 'ജലസേചന' ഓപറേഷന്റെ കഥകള്‍ മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടില്ല...."  പക്ഷെ എന്നിട്ടും മങ്കടയില്‍ അലിക്കല്ലേ ജമാഅത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മൂല്യം കണ്ടെത്തിയത്? അന്ന് ഇതിനെപ്പറ്റിയൊന്നും അറിയില്ലായിരുന്നോ അതോ സൌകര്യപൂര്‍വ്വം മറന്നോ??)

എതിര്‍ സ്ഥാനാര്‍ഥികളുടെ വീഴ്ചകളും കുറ്റങ്ങളും വോട്ടായി മുന്നണിയുടെ പെട്ടിയില്‍ വീഴുമെന്നു വെറുതെ മോഹിച്ചു.  വ്യതിഹത്യ നടത്താന്‍ സാധിക്കാത്തത്ര നല്ല വ്യക്തികളെയാണ് വികസന സമിതിക്കാര്‍ സ്ഥാനാര്‍ഥി കളാക്കിയത് എന്നത് ശെരിയായിരിക്കാം. പക്ഷെ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിലൊഴിച്ചു, അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളുടെ ജനപിന്തുണ എത്രതോളമുണ്ടെന്നു ഒരിക്കല്‍ പോലും അന്വേഷിച്ചില്ല...  പ്രസ്ഥാനക്കാര്‍ മാത്രമായിരുന്നില്ല അത് തീരുമാനിക്കേണ്ടത്... സധാരണക്കാരായ നിഷ്പക്ഷ്മതികളോട് അന്വേഷിക്കാമായിരുന്നു... ജോലി, കുടുംബം, പിന്നെ പ്രസ്ഥാനം ഇത് മാത്രമായി നടക്കുന്ന, ജനകീയ പ്രശ്നങ്ങളില്‍ ഒരിക്കല്‍ പോലും ഇടപെടാതിരുന്ന, അയല്‍ക്കാരുമായിപോലും വലിയ അടുപ്പമില്ലാത്ത ഒരാള്‍ക്ക് എങ്ങിനെ ഒരു വാര്‍ഡിനെ പ്രധിനിധീകരിക്കാനാവും.. അവരെ തിരസ്ക്കരിച്ച വോട്ടറെ എങ്ങിനെ കുറ്റപ്പെടുത്തും?

ഉദാഹരണത്തിന് എന്‍റെ വാര്‍ഡ്‌... ലീഗുകാര്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലം (അല്ലെങ്കില്‍ അവര്‍ അങ്ങിനെ അവകാശപ്പെടുന്നു. മുസ്ലിം ഭൂരിപക്ഷ വാര്‍ഡ്‌ എന്ന് മറുവിഭാഗവും പറയുന്നു). കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ലീഗുകാര്‍ നിസ്സഹകരിച്ചു. ഇടതുസ്വതന്ത്രന് വോട്ടു ചെയ്യാനും പല ലീഗുകാര്‍ക്കും വിഷമമുണ്ടായിരുന്നു. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ എതിര്‍ക്കുന്നതിനു ലീഗുകാര്‍ കാരണമായി പറഞ്ഞത് അയാളുടെ സ്വഭാവദൂഷ്യമായിരുന്നു... ആകെ ധര്‍മസങ്കടത്തിലായ ലീഗുകാര്‍ വികസന മുന്നണി സ്ഥാനാര്‍ഥി ഒരു ജനകീയനായിരുന്നെങ്കില്‍ എന്ന് വല്ലാതെ ആശിച്ച ഒരു സന്ദര്‍ഭമായിരുന്നു അത്. പാര്‍ട്ടിയും ആദര്‍ശവും ഒന്നും നോക്കാതെ അവര്‍ മുന്നണിക്ക്‌ വോട്ടു ചെയ്യുമായിരുന്നു, ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പില്‍ ജമാഅത്തുകാര്‍ യു. ഡി. എഫ്.  സ്ഥാനാര്‍ഥികള്‍ക്ക് 'മൂല്ല്യം' കല്പിച്ചി രുന്നില്ലെങ്കിലും!.

അഴിമതിയില്ലാത്ത, നല്ല വ്യക്തിത്വങ്ങളാണ് പഞ്ചായത്ത് ഭരണം കയ്യാളേണ്ടത് എന്നതില്‍ തര്‍ക്കമില്ല. ഓര്‍ക്കുക, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയത്തെക്കാള്‍ സാധാരണ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് സ്ഥാനാര്‍ഥിയുടെ വ്യക്തിബന്ധങ്ങളായിരിക്കും. ജനങ്ങളുമായി അടുത്തിടപഴകുന്ന, വോട്ടര്‍മാര്‍ക്കറിയുന്ന, വോട്ടറെയറിയുന്ന സ്ഥാനാര്‍ഥികള്‍ക്കായിരിക്കും അവിടെ മുന്‍‌തൂക്കം. റിലീഫ് പ്രവര്‍ത്തനങ്ങളോ പലിശരഹിത വായ്പാ പദ്ധതികളോ വോട്ടായി മാറുമെന്നു കരുതരുത്.
 

blogger templates | Make Money Online