Monday, August 29, 2011

Eid Mubarak!!!

May this Eid showers you with Love, Peace, Goodness, Warmth and Blessings of the God Almighty...

Eid Mubarak to All!!!


"ഇമ്മിണി ബല്യ" ചെറിയ പെരുന്നാള്‍ ആശംസകള്‍!!!

മൈലാഞ്ചിയുടെ മൊഞ്ചും പുത്തനുടുപ്പിന്റെ മണവും അത്തറിന്റെ പരിമളവുമായി ഒരിക്കല്‍ കൂടെ ഒരു ചെറിയ പെരുന്നാള്‍.....
 എല്ലാവര്‍ക്കും "ഇമ്മിണി ബല്യ" ചെറിയ പെരുന്നാള്‍ ആശംസകള്‍!!!

Wednesday, May 4, 2011

ബിന്‍ലാദന്റെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍?

ലോകത്തെ പിടിച്ചു കുലുക്കിയ 9/11 ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമെന്ന് കരുതിയിരുന്ന ഒസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നു അമേരിക്കന്‍ പ്രസിഡണ്ട്‌ ബാരക് ഹുസൈന്‍ ഒബാമ. വാര്‍ത്ത സത്യമോ??? പത്രപ്രവര്‍ത്തന ക്ലാസുകളില്‍ പഠിപ്പിക്കുന്ന വാര്‍ത്തയുടെ ഏകകം 5Ws &1 H (who, what, when, where, why and How) വച്ച് നോക്കിയപ്പോള്‍ സംഗതി ശെരിയാണ്. ഒരു വാര്‍ത്ത സത്യമെന്ന് തോന്നിപ്പിക്കാന്‍ ഇതൊക്കെത്തന്നെ ധാരാളം. പക്ഷെ ഇതിനൊക്കെ അപ്പുറമല്ലേ മനുഷ്യന്റെ സാമാന്യ ബുദ്ധി? സാമാന്യ ബുദ്ധിക്കു നിരക്കാത്ത ചില കാര്യങ്ങള്‍ തൊണ്ട തൊടാതെ അങ്ങ് വിഴുങ്ങാനോക്കുമോ?

എന്ത് കൊണ്ട് സംശയം?
ഈ വാര്‍ത്ത പുറത്തുവിട്ട സന്ദര്‍ഭം, തിടുക്കപ്പെട്ടു ശരീരം കടലില്‍ ഒഴുക്കിയത് തുടങ്ങിയവ തന്നെയാണ് സംശയത്തിനിടനല്‍കുന്നത്. കൊല്ലപ്പെട്ടത് ലാദന്‍ തന്നെയാണെന്ന് സ്ഥിതീകരിക്കുന്ന ഒരു തെളിവും അമേരിക്ക പുറത്തുവിട്ടിട്ടില്ല... ഇനി പുറത്തുവിടുമെന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല. മൃതദേഹത്തിന്റെ അല്ലെങ്കില്‍ അത് കടലില്‍ സംസ്കരിക്കുന്നതിന്റെ ഫോട്ടോ എന്ത് കൊണ്ട് മാധ്യമങ്ങള്‍ക്ക് കൊടുത്തില്ല? ഉസാമയുടെതെന്നു പറഞ്ഞു ജിയോ ടി വി പുറത്തുവിട്ട ചിത്രം വ്യാജമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. എന്തിനധികം, ടെലഗ്രാഫും മെയിലും അടക്കമുള്ള പാശ്ചാത്യപത്രങ്ങള്‍ പ്രസിദ്ധീകരിച്ച ആ ഫോട്ടോ 2010 ല്‍ തന്നെ ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ്.

പിന്നെ കൊല്ലപ്പെട്ടത് ലാദന്‍ തന്നെയെന്നു ഒബാമ പറഞ്ഞാല്‍ മാത്രം വിശ്വസിക്കണോ? കൊലയാളികള്‍ തന്നെ കൊല്ലപ്പെട്ടവന്റെ ബോഡി തിരിച്ചറിഞ്ഞു എന്ന് പറയുന്നതിനേക്കാള്‍ വലിയ നാടകം എന്തുണ്ട്? ഡി. എന്‍. എ ടെസ്റ്റ്‌ നടത്തിയെങ്കില്‍ എന്തുകൊണ്ട് അതിന്‍റെ വിശദാംശങ്ങള്‍ പുറത്തു വിട്ടുകൂട? കൊല്ലപ്പെട്ടത് ബിന്‍ലാദന്‍ തന്നെയാണെന്ന് സ്ഥിതീകരിക്കാന്‍ ഒന്നിലതികം തിരിച്ചറിയല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഡി. എന്‍. എ. പരിശോധനയില്‍ കൃത്യമായ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നുമാണ്  ഒരു പെന്റഗണ്‍  ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടത്.

ഇത്രയധികം തെളിവുണ്ടെങ്കില്‍ പിന്നെ എന്തിനീ സസ്പെന്‍സ്? മൃതദേഹം ബന്ധുക്കള്‍ക്കോ മറ്റുള്ളവര്‍ക്കോ വിട്ടു കൊടുത്താല്‍ ലാദന് വീര പരിവേഷം ലഭിക്കുമെന്നും ഖബറടക്കിയ സ്ഥലം പിന്നീട് തീര്‍ഥാടന കേന്ദ്രമാവുമെന്നുമുള്ള അമേരിക്കയുടെ പേടി വേണമെങ്കില്‍ അംഗീകരിക്കാം. പക്ഷെ മുസ്ലിം മതാചാരപ്രകാരം മൃതദേഹം ഉടന്‍ സംസ്കരിക്കേണ്ടതുണ്ട് എന്നതിനാലും, മൃതശരീരത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി എന്ന് ലോകത്തെ ബോധ്യപ്പെടുത്താനു മായിരുന്നത്രേ അമേരിക്കയുടെ ശ്രമം! (ഇപ്പോള്‍ അമേരിക്ക നടത്തിയിരിക്കുന്ന ഖബറടക്ക ല്‍ രീതി തന്നെ തന്നെ കേട്ട് കേള്വിയില്ലാത്തതാണ്).
ആഗോള ഭീകരതയുടെ പ്രതീകമായിരുന്ന ഒസാമയുടെ രക്തപങ്കിലമായ ശരീരദൃശ്യങ്ങള്‍ പുറത്തു വിടുന്നത് അനുയായികളെ പ്രകോപിപ്പിക്കുമെന്നും അമേരിക്ക ഭയപ്പെട്ടിരുന്നത്രേ!  ഒസാമ ഭീകരനല്ലെന്നോ, അയാള്‍ കൊല്ലപ്പെട്ടത് ദൌര്‍ഭാഗ്യകരമായിപ്പോയെന്നോ  ഇതു വരെ ഒരു രാജ്യവും പ്രതികരിച്ചിട്ടില്ല.എന്നാല്‍ സദ്ദാം ഹുസൈനെ പിടികൂടി അങ്ങേയറ്റം പ്രാകൃതമായ രീതിയില്‍ പരിശോധന നടത്തുന്നത് ലോകത്തെ മുഴുവന്‍ കാണിച്ചപ്പോള്‍ ഇതൊന്നും ബാധകമായിരുന്നില്ലേ? സദ്ദാംഹുസൈന്റെ ജനപിന്തുണയുടെ നൂറില്‍ ഒന്നു പോലും ഇല്ലാത്ത ഒസാമയോട് ആദരവ് കാണിച്ചു എന്നതിനാല്‍ മാത്രം അമേരിക്കയെക്കുറിച്ചുള്ള സങ്കല്പങ്ങളില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. അതേസമയം ഹുസൈന്റെ മക്കളായ ഉദയ്, ഖുസയ് എന്നിവരുടെ മൃതദേഹം പതിനൊന്നു ദിവസത്തിന് ശേഷമാണ് ബന്ധുക്കള്‍ക്ക് ഖബറടക്കാന്‍ അമേരിക്കന്‍ പട്ടാളം വിട്ടുകൊടുത്തത്. ഉദയ്, ഖുസയ് എന്നിവര്‍ മതാചാരപ്രകാരമുള്ള ഖബറടക്കത്തിനു അര്‍ഹരല്ലെന്നും, പതിനായിരങ്ങളുടെ മരണത്തിനുത്തരവാദിയെന്നു അമേരിക്ക തന്നെ ആരോപിക്കുന്ന ഒസാമക്ക് അമേരിക്ക നല്‍കുന്ന ഈ പരിഗണനക്ക് പിന്നിലെ ചേതോവികാരം തീര്‍ച്ചയാരും മറ്റൊന്നാണ്.
എന്തുകൊണ്ട് സംശയിക്കണം? 

ഒസാമ ജീവിച്ചിരിപ്പില്ലെന്നു പല തവണ വിവിധ പാശ്ചാത്യ മാധ്യമങ്ങളും, എന്തിനതികം ഈ അമേരിക്ക പോലും പലവട്ടം പുറത്ത് വിട്ടിട്ടുള്ളതാണ്. 2001 ഡിസംബറില്‍ കരള്‍ സംബന്ധമായ അസുഖം കാരണം ലാദന്‍ തോറ ബോറയില്‍ വെച്ചു മരിച്ചെന്നാണ് ഒരു താലിബാന്‍ നേതാവിനെ ഉദ്ധരിച്ചുകൊണ്ട് അന്ന് പാക്കിസ്താന്‍ ഒബ്സര്‍വര്‍ വാര്‍ത്ത പുറത്തുവിട്ടത്. 2002  ജൂലൈയില്‍ ന്യൂയോര്‍ക്ക്‌ ടൈംസും ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവിട്ടു. പാകിസ്ഥാന്‍ പ്രസിഡണ്ട്‌ പര്‍വേഷ് മുഷറഫും ഇത്തരത്തില്‍ ചില സൂചനകള്‍ നല്‍കി എന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ എവറസ്റ്റിനൊപ്പം ഈഗോയുള്ള, ചെയ്യാത്ത കാര്യത്തിനും പിതൃത്വം ഏറ്റെടുക്കുന്ന, ലാദന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇത്രയും കാലം നിശബ്ധനായിരിക്കാന്‍ സാധിക്കില്ലെന്നും പറയുന്നു. ഗുരുതരമായ ചില രോഗങ്ങള്‍ക്കടിമയായിരുന്നു ലാദനെന്ന റിപ്പോര്‍ട്ടുകളായിരുന്നു ഇത്തരം വാര്‍ത്തകള്‍ക്കാധാരം. 


1997ല്‍ ലാദനെ ഇന്റര്‍വ്യൂ ചെയ്ത സി.എന്‍.എന്നിന്റെ ടെററിസം അനലിസ്റ്റ് പീറ്റര്‍ ബെര്‍ഗെന്‍ പറഞ്ഞത് ലാദന്‍ ഒരു പാട് രോഗങ്ങളുടെ പിടിയിലാണ് എന്നായിരുന്നു. 1997 മുതല്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ 2011 വരെ വിവിധ പ്രതികൂല കാലാവസ്തകളെ തരണം ചെയ്തു ജീവിച്ചു എന്നാണോ?
2002 ഡിസംബറില്‍, ബിന്‍ലാദന്റെതായി അല്‍ജസീറ ചാനല്‍ പുറത്തു വിട്ട ഒരു വീഡിയോ തമസ്കരിച്ചുകൊണ്ട് അന്നത്തെ ബുഷ്‌ ഭരണകൂടം പറഞ്ഞത് വീഡിയോ ലാദന്‍ മരിച്ചു എന്ന വാര്‍ത്തയെ മൂടിവെക്കാന്‍ വേണ്ടി സൃഷ്ടിച്ച ഒരു പ്രചാരവേലയാണെന്നായിരുന്നു. ആ സംഭവം റിപ്പോര്‍ട്ട്‌ ചെയ്ത ടെലിഗ്രാഫ് പത്രത്തില്‍ ലാദന്‍ കൊല്ലാപ്പെട്ടു എന്നുള്ളതിന്  നിരവധി തെളിവുകളും ബുഷ്‌ ഭരണകൂടവും പെന്റഗണും നിരത്തുന്നുണ്ട്‌. അത്ര പോലും വിശ്വാസ്യത പുതിയ റിപ്പോര്‍ട്ടുകള്‍ക്കില്ലതാനും! 



ഒസാമ കൊല്ലപ്പെട്ടുവെന്ന് ലോകത്തെ അറിയിക്കുന്ന ആദ്യ നേതാവൊന്നുമല്ല ഒബാമ. മുഷറഫിന്‌ പുറമേ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹാമിദ് കര്‍സായി, മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ തുടങ്ങിയവരും പലപ്പോഴായി ഇതു പുറത്തു വിട്ടിട്ടുണ്ട്. അവരാരും ഒരു തെളിവും നല്കിയിരുന്നില്ല എന്നത് ശരിതന്നെ. പക്ഷെ അവരില്‍നിന്നു വ്യത്യസ്തമായി എന്ത് വിശ്വസനീയമായ തെളിവാണ് ഇപ്പോള്‍ അമേരിക്ക നല്‍ക്കുന്നത്?

കൂടാതെ അമേരിക്കയുടെതടക്കമുള്ള വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും പലപ്പോഴും ഇത്തരം സംശയങ്ങള്‍ പുറപ്പെടുവിച്ചിരുന്നു; എഫ്. ബി. ഐ കൌണ്ടര്‍ ടെററിസം ചീഫ് ഡെയില്‍ വാട്സന്‍ അടക്കം!

2002 ഒക്ടോബറില്‍ തന്നെ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി ഇക്കാര്യം സ്ഥിതീകരിക്കുകയും പിന്‍ഗാമിയെ തിരഞ്ഞെടുത്തതായി സംശയിക്കുന്നതായും റിപ്പോര്‍ട്ട്‌ ചെയ്തു. 2008 ഫെബ്രുവരിയില്‍ വേള്‍ഡ് ട്രിബ്യൂണ്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച‍‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ലാദന്‍ ജീവിചിരിപ്പില്ലെന്നും അതേ സമയം പഴയ ഓഡിയോ ടേപ്പുകളിലൂടെ അദ്ദേഹം ജീവിച്ചിരിക്കുന്നതായി മനപൂര്‍വം പ്രച്ചരിപ്പിക്കുന്നതാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും വിശ്വസിക്കുന്നു എന്നാണു. 2006 ആഗസ്റ്റില്‍ പാകിസ്ഥാനില്‍ വെച്ചു ടൈഫോയിഡ് ബാധിച്ച് ലാദന്‍ മരിച്ചതായി സൗദി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ ചെയ്ത കാര്യം ബി.ബി.സിയും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.


ഇനി ലാദന്‍ നേരത്തെ തന്നെ മരിച്ചുവെങ്കില്‍ എന്ത് കൊണ്ട് അമേരിക്ക ഇത്രയും കാലം അത് മറച്ചു വെച്ചു? 2001 ല്‍ തന്നെ ബിന്‍ ലാദന്‍ മരണപ്പെട്ടുവെന്നും ഒബാമയും ചെനിയും അടക്കമുള്ളവര്‍ ഇതു പരസ്യമായിത്തന്നെ സമ്മതിക്കുന്നു എന്നുമാണ് വെറ്ററന്‍സ് ടുഡേ സീനിയര്‍ എഡിറ്ററായിരുന്ന ഗോര്‍ഡണ്‍ ഡഫ് 2009 ഡിസംബറില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസ്സിസ്റ്റന്‍സ് ഫോഴ്സില്‍ കമാണ്ടര്‍ ആയിരുന്ന ജനറല്‍ സ്റ്റാന്‍ലി മക് ക്രിസ്റ്റല്‍ 2009 ല്‍ സമര്‍പ്പിച്ച അഫ്ഗാന്‍ യുദ്ധറിപ്പോര്‍ട്ടില്‍ ഒരിടത്തും ബിന്‍ ലാദനെപ്പറ്റി ഒരു പരാമര്‍ശവും ഇല്ലായിരുന്നു. അതുപോലെ ഒബാമയുടെ 'വെസ്റ്റ് പോയിന്റ്‌' പ്രസംഗത്തിലും ബിന്‍ ലാദന്‍ പരാമര്‍ശിക്കപ്പെട്ടില്ലെന്നും ഇതെല്ലാം ലാദന്‍ ജീവിച്ചിരിപ്പില്ല എന്ന് അമേരിക്കക്ക് അറിയാമായിരുന്നു എന്നുള്ളതിന് തെളിവാണെന്നും  ഗോര്‍ഡണ്‍ ഡഫ്  തന്‍റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.


എങ്കില്‍ പിന്നെ എന്തിനായിരുന്നു ഈ നാടകം? ഗോര്‍ഡണ്‍ ഡഫിന്റെ അഭിപ്രായത്തില്‍ എല്ലാം രാഷ്ട്രീയമായിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ നിഗമനങ്ങള്‍ ഏറെ പ്രധാനമാണ്. ലാദനെന്ന വ്യക്തിയെ ആഗോള ഭീകരതയുടെ പ്രതീകമായും, ലോകത്തിന്റെ തന്നെ 'നമ്പര്‍ വണ്‍' ശത്രുവായി അവതരിപ്പിക്കാന്‍ അമേരിക്കക്ക് കഴിഞ്ഞു. വിവിധ മൂന്നാം ലോക രാജ്യങ്ങളില്‍ ഒരു 'ലാദന്‍ പേടി' വളര്‍ത്താനും അതുവഴി അവിടങ്ങളില്‍ തങ്ങളുടെ സൈനിക സാന്നിധ്യം ഉറപ്പാക്കാനും അമേരിക്കക്ക് സാധിച്ചു. ചുരുക്കത്തില്‍ അഫ്ഘാനിലെയും ഇറാക്കിലെയും സൈനിക നടപടികള്‍ക്ക് മതിയായ വിശദീകരണം നല്‍കുന്നതിനു ലാദന്‍ ജീവിച്ചിരിക്കേണ്ടത് അമേരിക്കയുടെ അത്യാവശ്യമായിരുന്നു. 


ഇനി ഈ വാര്‍ത്തകളൊക്കെ സത്യമാണെങ്കില്‍ ഇപ്പോള്‍ ഇതു പുറത്തുവിടാനുള്ള കാരണമെന്തായിരിക്കും? അനുമാനങ്ങള്‍ നിരവധിയാണ്. ഏറ്റവും പ്രധാനമായി ഒബാമക്ക് ഇതില്‍ നിന്നും ലഭിക്കുന്ന പൊളിറ്റിക്കല്‍ മൈലേജ്. ഒബാമയെ സംബന്ധിച്ചിടത്തോളം അടുത്ത തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ചൂടന്‍ വിഷയം തന്നെ വേണ്ടിയിരുന്നു. പിന്നെ അനന്തമായി നീളുന്ന അഫ്ഗാന്‍ യുദ്ധം. ലാദനെ പിടിച്ചു അഫ്ഗാന്‍ മിഷന്‍ പൂര്‍ത്തീ കരിച്ചാല്‍ അവിടങ്ങളില്‍ നിന്നുള്ള സൈനികരെ പിന്‍വലിച്ചു ഇനിയും വിടാം; ഇറാനിലേക്കും, നോര്‍ത്ത് കൊറിയയിലേക്കും, ലിബിയയിലേക്കും, സിറിയയിലേക്കുമെല്ലാം ; ചുടു ചോറ് വാരിക്കാന്‍!


അതോ ഇനി പാക്കിസ്ഥാന്‍ തന്നെയാണോ ഒബാമയുടെ അടുത്ത ലക്‌ഷ്യം? സ്വന്തം മൂക്കിനു താഴെ ഒരു കൊടും ഭീകരന്‍ ഒളിച്ചു താമസിച്ചത് അറിഞ്ഞില്ലെന്ന പാക്കിസ്ഥാന്‍ നിലപാട് അതിശയകരം തന്നെയാണ്. ലാദന് അഭയം കൊടുത്തത്തിന്റെ പേരില്‍ പാകിസ്ഥാനെതിരെ ഒരു പടയൊരുക്കം നടത്താനാണോ ഒബാമയുടെ പുറപ്പാട്? ലാദന്‍ പാക് മണ്ണില്‍ ഉണ്ടായിരുന്നെന്ന് അറിയാമായിരുന്നില്ലെന്നു ആസിഫലി
സര്‍ദാരി ഇന്ന് പ്രസ്ഥാവിചിരുന്നെങ്കിലും പാക് പങ്കിനെപറ്റി ആഴത്തിലുള്ള
അന്വേഷണം വേണമെന്നാണ് അമേരിക്കന്‍നിലപാട്.

Wednesday, April 27, 2011

അബ്ദുല്‍ ബായിസ് എന്ന ആണ്‍കുട്ടി

അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചും, ഹര്‍ത്താലുകളും പ്രകടനങ്ങളും ടേബിള്‍ ടോക്കുകളും കാമ്പയിനുകളും നടത്തിയും കാലമേറെ കളഞ്ഞവരാണ് നമ്മള്‍. എന്നിട്ടും ആ അര്‍ബുദം വളര്‍ന്നു കൊണ്ടേയിരുന്നു. അവസാനം അണ്ണാ ഹസാരെ എന്ന വയോവൃദ്ധന്‍റെ ഗാന്ധിയന്‍ സമരമുറകള്‍ തന്നെ വേണ്ടിവന്നു; അധികാരി വര്‍ഗ്ഗത്തിന്‍റെ കണ്ണൊന്നു തുറപ്പിക്കാന്‍!!!

അണ്ണാ ഹസാരെയെപ്പോലെ, ഭരണകൂട നിഷ്ക്രിയത്വത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനാവുകയാണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ പി. അബ്ദുല്‍ ബായിസ് എന്ന കോളേജ് വിദ്യാര്‍ഥി. രാഷ്ട്രീയ നേതാക്കളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ഒരു ദിവസത്തെ പ്രതീകാത്മക നിരാഹാര സമരെത്തെക്കാളും ഞാന്‍ വിലമതിക്കുന്നത് അബ്ദുല്‍ ബായിസിന്‍റെ  ഇച്ചാശക്തിയെയാണ്. അബ്ദുല്‍ ബായിസ്, ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ തോന്നാത്ത, അഥവാ കഴിയാത്ത ഒന്നാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്... അഭിവാദ്യങ്ങള്‍.....

മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍  നിരോധിക്കണമെന്നാവശ്യപ്പെട്ടു രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധസമരങ്ങള്‍ക്കിടയില്‍, കാസര്‍കോട്ടെ ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് കഴിഞ്ഞ ഞായറാഴ്ച (ഏപ്രില്‍ 24 ന്) ബായിസ് സമരം തുടങ്ങിയത്. സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ അവസാനിക്കുന്ന ഏപ്രില്‍ 29 വരെ സമരം തുടരാനായിരുന്നു പരിപാടി.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ബായിസിനെ പോലീസ് ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയും ബായിസ് നിരാഹാരം തുടര്‍ന്നു. വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് ഈ 'ജൂനിയര്‍ ഹസാരെ'ക്ക് പിന്തുണയുമായി മലപ്പുറം കളക്ട്രേറ്റിനു മുന്നിലുള്ള സമരപന്തലിലെത്തിയത്. ബുധനാഴ്ച മുതല്‍ ബായിസിന്‍റെ ആരോഗ്യസ്ഥിതി വഷളായാതിനെത്തുടര്‍ന്നു നിരാഹാര സമരം സുഹൃത്തുക്കളായ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

കല്‍പ്പറ്റ ഗവ. കോളേജില്‍ ഒന്നാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍   ബിരുദവിദ്യാര്‍ഥിയായ ബായിസ് വാര്‍ത്തയില്‍ ഇടം പിടിക്കുന്നത് ഇതാദ്യമായല്ല. പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ സ്വന്തമായി 'സത്യപഥം' എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചു കൊണ്ടാണ് ഈ കുട്ടിപത്രാധിപര്‍ അന്ന് 'ആക്ടിവിസം' തുടങ്ങിയത്.

2009 നവംബറില്‍ മലപ്പുറം പ്രസ്‌ ക്ലബ്ബില്‍ വെച്ചു പുറത്തിറക്കിയ ആ പത്രത്തിന് അധികം ആയുസ്സുണ്ടാവുമെന്നാരും കരുതിയിരുന്നില്ല... പ്രാദേശിക വാര്‍ത്തകളും സംഭവ വികാസങ്ങളും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സത്യപഥം ഇതു വരെ 18 ലക്കങ്ങള്‍ ഇറക്കാനും ബായിസിനു കഴിഞ്ഞു.

ബായിസ് ഒരു പ്രതീകമാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാത്ത, മുട്ടാപ്പോക്ക് കാരണങ്ങള്‍ പറഞ്ഞ്, എന്തിലും ഏതിലും രാഷ്ട്രീയം കാണുന്ന അല്ലെങ്കില്‍ കലര്‍ത്തുന്ന, നട്ടെല്ലില്ലാത്ത രാഷ്ട്രീയ ഷണ്ഡത്വത്തിനെതിരായ സമാധാനപരമായ ഒരു പ്രതിഷേധത്തിന്‍റെ  പ്രതീകം....

Wednesday, January 12, 2011

ചില രക്തദാന കഥകള്‍

അങ്ങിനെ രണ്ടാമത്തെ ശ്രമവും വിജയിച്ചില്ല. ഒരിക്കലെങ്കിലും രക്തദാനം നടത്തണമെന്ന് വലിയൊരാഗ്രഹമായിരുന്നു. അതിനുള്ള അവസരമാണ് ഇന്നലെ നഷ്ടപ്പെട്ടത്. പണ്ട് ചെന്നൈയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരിക്കല്‍ ഈ സാഹസത്തിനു മുതിര്‍ന്നതാണ്. ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മലയാളിയായ യുവാവിനു അടിയന്തിരമായി രക്തം വേണമെന്ന് മലയാളീ സമാജത്തില്‍നിന്നും ഫോണ്‍ വന്നപ്പോള്‍, സുഹൃത്തുക്കളുടെ കൂടെ O+ve കാരനായ ഞാനും പോയി.

ക്രോസ് മാച്ചിംഗ് ടെസ്റ്റിനായി ലാബില്‍ ചെന്നപ്പോള്‍, മലയാളിയായ നഴ്സ് എന്നെയൊരു നോട്ടം. ഞാന്‍ ഒന്നൂടെ ഞെളിഞ്ഞു നിന്നു, ഇതൊക്കെ നിസ്സാരമെന്ന മട്ടില്‍... പക്ഷെ ആ നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാവാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു. എന്നോട് മാറിനില്‍ക്കാന്‍ പറഞ്ഞ  അവള്‍ അടുത്തവനെ വിളിച്ചു. ഞാന്‍ ആകെ തളര്‍ന്നു.. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ അവഗണന. ഒരു കുപ്പി രക്തം പോലും എന്‍റെ ശരീരത്തിലില്ലേ? ഇനി അഥവാ ഇല്ലെങ്കിലും ചുമ്മാ ഒരു ക്രോസ് ടെസ്റ്റ്‌ നടത്തി, മാച്ചിംഗ് അല്ല എന്നോ മറ്റോ പറഞ്ഞു എന്‍റെ മാനം രക്ഷിക്കാമായിരുന്നു ആ രക്ഷസിക്ക്!

രക്തം കൊടുക്കാന്‍ പറ്റാത്തതിലായിരുന്നില്ല എനിക്ക് സങ്കടം. കൂടെയുള്ള ചെറ്റകള്‍ക്ക് ആഘോഷിക്കാന്‍ ഞാന്‍ തന്നെ അവസരം കൊടുത്തല്ലോ. ഏതു നേരത്താണാവോ ഇങ്ങിനെയൊരു ബുദ്ധി തോന്നിയത്....

അതൊക്കെ പഴയ കഥ... ആരോഗ്യസ്ഥിതി ഇപ്പോള്‍ കുറച്ചു കൂടി ഭേദപ്പെട്ടിട്ടുണ്ട്. ഇത്തവണ എന്തായാലും കാര്യം സാധിക്കണം. ഫോണ്‍ വന്ന ഉടനെ പോകാന്‍ തയ്യാറായി. പക്ഷെ സംഗതി വേഗം ഫ്ലാഷായി... കമന്റുകള്‍ക്കൊന്നും ചെവികൊടുക്കാതെ, നേരെ ഹോസ്പിറ്റലിലെത്തി. ഡെലിവറി കേസ് ആണ്. സിസേറിയന്‍ വേണ്ടിവരുമത്രേ... കുട്ടിയുടെ മുത്തച്ഛനെ കണ്ട് നേരെ ലാബിലേക്ക് നടന്നു. സാമ്പിളെടുക്കാന്‍ നഴ്സ് സൂചിയെടുത്തതും, കുട്ടിയുടെ അച്ഛന്‍ ഓടിവന്നു പറഞ്ഞു. "ഇനി വേണ്ട.. പ്രസവം കഴിഞ്ഞു... സുഖ പ്രസവമായിരുന്നു..."

ഒരുമാതിരി വിളിച്ചുണര്‍ത്തി അത്താഴമില്ല എന്ന് പറയുന്നപോലുള്ള ഒരു ഏര്‍പ്പാടായിപ്പോയി. എന്നാലും സാരമില്ല... ഒരു സിസേറിയന്‍ ഇല്ലാതെ തന്നെ കാര്യം സാധിച്ചല്ലോ. പക്ഷെ തിരിച്ചു നാട്ടിലെത്തിയപ്പോഴെക്കും സംഗതി പാട്ടായിരുന്നു. എന്‍റെ രക്തമാണ് സ്വീകരിക്കേണ്ടിവരിക എന്നറിഞ്ഞ പെണ്‍കുട്ടി പേടിച്ചു പ്രസവിച്ചതാണെന്നായിരുന്നു എന്‍റെ കൂടെ വന്ന സുഹൃത്ത് പ്രചരിപ്പിച്ചത്.

ഇതിലും വലുതൊന്നും സംഭാവിച്ചില്ലല്ലോ എന്ന് കരുതി ഞാന്‍ സമാധാനിച്ചു. രക്തദാനവുമായി ബന്ധപ്പെട്ടു എത്രയെത്ര കഥകളാണ് നാട്ടില്‍ പ്രചരിച്ചിരിക്കുന്നത്. ഗോപിയുടെ കഥ തന്നെ ഉദാഹരണം. സുഹൃത്തിന്‍റെ മകള്‍ക്ക് രക്തം കൊടുക്കാന്‍ ആശുപത്രിയിലെത്തിയ ഗോപിയുടെ ഇന്ദ്രന്‍സിനെപ്പോലുള്ള ശരീരം കണ്ടപ്പോഴേ സിസ്റ്റര്‍ സംശയം പ്രകടിപ്പിച്ചതാണ്. വിശേഷ ഗ്രൂപ്പായതിനാല്‍, വേറെ കിട്ടാന്‍ നിവൃത്തിയില്ല. വയറു നിറയെ മുന്തിരി ജ്യൂസും കുടിപ്പിച്ചു, ബലിക്കാളയെ ഒരുക്കുന്നപോലെ എല്ലാവരും ചേര്‍ന്ന്, ഗോപിയെ റെഡിയാക്കിക്കിടത്തി ഉള്ള രക്തം ഊറ്റിയെടുത്തു; ഒരു യൂണിറ്റ്.

അല്‍പ നേരത്തിനു ശേഷം പോകാന്‍ എഴുന്നേറ്റ ഗോപിയോട് സിസ്റ്റര്‍ പറഞ്ഞു. "ക്ഷീണമുണ്ടെങ്കില്‍ അല്‍പനേരം കൂടി കിടന്നോളൂ."  തനിക്കൊന്നുമില്ലെന്നു അവളെയും തന്‍റെ സുഹൃത്തുക്കളെയും അറിയിക്കാന്‍ ഗോപി കൈകള്‍ രണ്ടും മുകളിലോട്ടുയര്‍ത്തി, ശരീരം പിന്നോട്ട് വളച്ചു, ഒന്നു മൂരി നിവര്‍ന്നുകൊണ്ട് പറഞ്ഞു, "ഹേയ്, ഇതൊക്കെ എന്ത്?". പറഞ്ഞു തീര്‍ന്നതും, ഗോപി പിന്നോട്ട് മറിഞ്ഞു വീണു, വെട്ടിയിട്ട വാഴത്തടിപോലെ... നാല് കുപ്പി ഗ്ലൂക്കോസ്, രണ്ടു ഇഞ്ചക്ഷന്‍, പിന്നെ ഗുളികകളും എല്ലാം കൂടെ ഒരു ദിവസത്തെ ആശുപത്രി ചെലവ് 800 രൂപ.

പൊതുവേ രക്തം കണ്ടാല്‍ തല കറങ്ങുന്നവനാണ് ജാഫര്‍. ചെറിയ റോഡപകടമോ മറ്റോ മതി, അവന് ബോധം പോകാന്‍. ഗത്യന്തരമില്ലാതെ ഒരിക്കല്‍ സഹോദരിക്ക് രക്തം നല്‍കേണ്ടി വന്നു. മനസ്സില്‍ പേടി തോന്നിയെങ്കിലും കണ്ണും പൂട്ടിയങ്ങു കിടന്നു കൊടുത്തു. എല്ലാം കഴിഞ്ഞു എഴുന്നേറ്റിരുന്നപ്പോള്‍ കണ്ടത് മുന്‍പിലിരുന്ന ബ്ലഡ്‌ ബാഗ്.... ഡിം... ഉടനെ പോയി ബോധം... പൊത്തോന്ന് താഴെ വീണു. വേഗം കട്ടിലില്‍ കിടത്തി ഡോക്ടറെ വിളിച്ചു. എടുത്ത രക്തം ഉടനെ തിരിച്ചു കയറ്റി. അതിനുപുറമെ ഒരു കുപ്പി കൂടി വേണ്ടി വന്നു, ജാഫറിനു ബോധം തിരിച്ചു കിട്ടാന്‍!!!

Tuesday, January 4, 2011

അയ്യോ അയ്യോ അതിനല്ല!!!

കോളേജിലെ ബ്യൂട്ടി ക്വീന്‍ ആയിരുന്നു രശ്മി . സുന്ദരി... പയ്യന്‍സിന്‍റെ ഹരം.... പക്ഷെ അവള്‍ക്കു പറ്റിയ അബദ്ധങ്ങള്‍ക്കും മണ്ടത്തരങ്ങള്‍ക്കും ഒരതിരില്ല. ഇനി അബദ്ധത്തില്‍ വല്ല മണ്ടത്തരവും വിളിച്ചു കൂവിയാല്‍ത്തന്നെ, വീണത്‌ വിദ്യയാക്കാനോ അഡ്ജസ്റ്റ് ചെയ്യാനോ ഒന്നും അവള്‍ക്കറിയില്ല. വിരലുകടിച്ചും, അലമുറയിട്ടും, മൂക്ക് പിഴിഞ്ഞും അവള്‍ തന്നെ എല്ലാരെയും അറിയിച്ച് നാണം കെടും.

കോളേജ് ഡേ നടക്കുന്ന സമയം. തിരുവാതിര മത്സരത്തില്‍ പങ്കെടുക്കുന്നവരെ സഹായിക്കാന്‍ വേദിക്ക് പിറകിലെത്തിയതായിരുന്നു രശ്മി . അപ്പോഴാണ്‌ സെക്കന്‍റ് ‌ ഇയര്‍ ഇംഗ്ലീഷിലെ വിനോദ് നാടകത്തില്‍ പങ്കെടുക്കേണ്ട മൈക്രോബയോളജിയിലെ സമീറയെത്തേടി സ്റ്റേജിലെത്തിയത്. ഒരു അനൌണ്സ്മെന്‍റ് തയ്യാറാക്കി കോളേജ് ചെയര്‍മാന്‍ രശ്മിയെ ഏല്പിച്ചു. "അടുത്ത പരിപാടി തുടങ്ങുന്നതിനു മുന്‍പ് നീ ഇതൊന്നു അന്നൌന്‍സ് ചെയ്യ്‌."

രശ്മി  മൈക്ക് കയ്യിലെടുത്ത്, തെല്ലൊരു വിറയലോടെ ഇത്രയും പറഞ്ഞൊപ്പിച്ചു. "സെക്കന്‍റ്‌ മൈക്രോബയോളജിയിലെ സമീറ എത്രയും പെട്ടന്ന് തന്നെ ഡ്രസിംഗ് റൂമില്‍ കാത്തുനില്‍ക്കുന്ന വിനോദുമായി ബന്ധപ്പെടെണ്ടതാണ്."

കൂവാനും കമന്‍റടിക്കാനും അവസരം കാത്തിരുന്നവര്‍ക്ക് കിട്ടിയ എല്ലിന്‍ കഷ്ണമായി 'ബന്ധപ്പെടുക' എന്ന വാക്ക്, പോരാത്തതിന് അന്നൌന്‍സ് ചെയ്തത് ഒരു പെണ്‍കുട്ടിയും! ആകെ ആര്‍പ്പു വിളിയും ബഹളവും കമന്‍റടിയും.....

സ്വതവേ ട്യൂബ് ലൈറ്റായ രശ്മിക്ക്‌ പെട്ടന്നൊന്നും മനസ്സിലായില്ല. താന്‍ പറഞ്ഞതില്‍ വല്ലതും തെറ്റിപ്പോയോ എന്നറിയാന്‍ അവള്‍ ചുറ്റും നോക്കി. ചിരിച്ചതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. പെട്ടന്നാണ് അവളുടെ തലയില്‍ ബലൂണ്‍ പൊട്ടിയത്. കൂവലിന്‍റെ  കാരണം പിടികിട്ടിയതും അവള്‍ വിളിച്ചു പറഞ്ഞു, പാതി കരച്ചിലോടെ... " അയ്യോ അയ്യോ അതിനല്ല!!!..."

Friday, December 31, 2010

ഹാപ്പി ന്യൂസ്‌ ഇയര്‍


ഈ പുതുവര്‍ഷമെങ്കിലും നമുക്ക് നല്ല വാര്‍ത്തകള്‍ സമ്മാനിക്കട്ടെ!!!
ഹാപ്പി ന്യൂസ് ഇയര്‍

 

blogger templates | Make Money Online